G Sudhakaran: തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ വെട്ടിലായി ജി. സുധാകരന്‍; കേസെടുക്കും
G Sudhakaran postal vote controversy: ആലപ്പുഴയില്‍ എൻജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പാര്‍ട്ടിയെയും സ്വയവും വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ സുധാകരന്‍ നടത്തിയത്

ജി. സുധാകരന്‍
തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കും. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ള വിഷയമാണെന്നാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ വിലയിരുത്തല്‍. ആലപ്പുഴയില്‍ എൻജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പാര്‍ട്ടിയെയും സ്വയവും വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ സുധാകരന്‍ നടത്തിയത്.
1989ഇൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. കേസെടുത്താലും തനിക്ക് കുഴപ്പമില്ലെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.
1989ലെ തിരഞ്ഞെടുപ്പില്‍ സുധാകരനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സര്‍വീസ് സംഘടനകളിലെ അംഗങ്ങളില്‍ 15 ശതമാനം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരായിരുന്നു. അന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് പരിശോധിച്ചതിന് ശേഷം തിരുത്തിയെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
36 വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ സുധാകരന്‍ നടത്തിയ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. അന്ന് വക്കം പുരുഷോത്തമനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് വിജയിച്ചത്.