Kattappana Hotel fight: രണ്ടാമത് കറി ചോദിച്ചിട്ട് നൽകിയില്ല; കട്ടപ്പനയിൽ ഹോട്ടലിൽ കൂട്ടത്തല്ല്
Group Fight Over Curry Request: കൊല്ലത്തിനു പിന്നാലെ ഇപ്പോൾ കൂട്ടത്തല്ല് നടന്നിരിക്കുന്നത് ഇടുക്കിയിലെ കട്ടപ്പനയിലാണ്.

Group Fight Over Curry Request
ഇടുക്കി: കൊല്ലത്ത് കല്യാണവിരുന്നിനിടെ ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടാത്തതിനെത്തുടർന്ന് കൂട്ടത്തല്ല് ഉണ്ടായതിനു പിന്നാലെ സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലത്തിനു പിന്നാലെ ഇപ്പോൾ കൂട്ടത്തല്ല് നടന്നിരിക്കുന്നത് ഇടുക്കിയിലെ കട്ടപ്പനയിലാണ്.
കട്ടപ്പനയിലെ ഹോട്ടലിൽ കറിയെ ചൊല്ലിയുണ്ടായ വാക്കു തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്കു മാത്രമല്ല കഴിക്കാനെത്തിയവർക്കും പരിക്കേറ്റു എന്നാണ് വിവരം. പുളിയൻമല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം കൂട്ടത്തല്ല് നടന്നത്.
ഹോട്ടലിന് സമീപത്തെ തുണിക്കടയിൽ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളാണ് സംഭവത്തിൽ ഉൾപ്പെട്ടത്. ഇവരും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചപ്പോൾ ഹോട്ടൽ ജീവനക്കാരൻ അപമര്യാദയായി പെരുമാറി.
ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇത് കൂട്ടത്തല്ലിൽ കലാശിച്ചു. ജഗ്ഗ് കൊണ്ടുള്ള ആക്രമണമാണ് ഇതിൽ പ്രധാനം. ജഗ് വച്ചുള്ള അടിയേറ്റ് രണ്ടു പേർക്ക് പരിക്കു പറ്റി. സംഭവത്തിൽ ഭക്ഷണം കഴിക്കാനെത്തിയ നാലു പേർക്കും ഹോട്ടൽ ജീവനക്കാരായ നാലു പേരും പരിക്കേറ്റു.
ഇവർ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിയ ശേഷവും ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടായതായാണ് വിവരം. സംഭവത്തെത്തുടർന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.