Guruvayur Temple: ജാസ്മിൻ്റെ റീൽസ് ചിത്രീകരണത്തിന് പിന്നാലെ ഗുരുവായൂർ ക്ഷേത്ര കുളത്തിൽ പുണ്യാഹം; ദർശനത്തിന് നിയന്ത്രണം
Guruvayur Temple Purification Rituals: ഇതിനെതിരെ ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ ജാസ്മിൻ ക്ഷമാപണം നടത്തുകയും തൻ്റെ സമൂഹ മാധ്യമങ്ങളിൽ നിന്ന് വീഡിയോകൾ പിൻവലിക്കുകയും ചെയ്തിരുന്നു.

ഗുരുവായൂർ ക്ഷേത്രം, വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
ഗുരുവായൂർ: യൂട്യൂബറായ ജാസ്മിൻ ജാഫർ (jasmin jaffar) റീൽസ് ചിത്രീകരിക്കാൻ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ (Guruvayur temple) ഇറങ്ങിയ സംഭവത്തിന് പിന്നാലെ ശുദ്ധീകരണ പ്രക്രിയ നടത്താൻ ക്ഷേത്ര ഭാരവാഹികൾ. ഇതിൻ്റെ ഭാഗമായി നാളെ കുളത്തിൽ പുണ്യാഹം നടത്തും. ജാസ്മിൻ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയതിന് പിന്നാലെയാണ് തീരുമാനം.
ഇതേതുടർന്ന് ക്ഷേത്രത്തിൽ ആറ് ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയുമാണ് ക്ഷേത്രത്തിൽ നടക്കുക. അതിനാൽ ഭക്തജനങ്ങൾക്ക് നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണമുണ്ടായിരിക്കും. ഹൈക്കോടതിയുടെ നിരോധനം മറികടന്നു യൂട്യൂബറായ ജാസ്മിൻ ജാഫറാണ് ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചത്.
ഇതിനെതിരെ ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ ജാസ്മിൻ ക്ഷമാപണം നടത്തുകയും തൻ്റെ സമൂഹ മാധ്യമങ്ങളിൽ നിന്ന് വീഡിയോകൾ പിൻവലിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച വീഡിയോയാണ് ജാസമിൻ റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർത്ഥക്കുളമാണിത്. അതിൻ്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വീഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു ദേവസ്വം നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.