Infant Baby Abandoned: ‘കാവലായി സര്‍ക്കാരുണ്ട്’; മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി
Government Will Take Custody of The Abandoned Baby : ജില്ലാ ഓഫീസര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. മാതാപിതാക്കള്‍ തിരികെ വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുക്കും.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും. ആശുപത്രി ഐസിയുവില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച് പോയ കുഞ്ഞിനെ വനിത ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലാ ഓഫീസര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. മാതാപിതാക്കള്‍ തിരികെ വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുക്കും.
23 ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. കുഞ്ഞിന് തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളുടേതാണ് കുഞ്ഞ്. ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറും രഞ്ജിതയുമാണ് മാതാപിതാക്കള്‍. രഞ്ജിതയുടെ പ്രസവത്തിനായി ഇവര്‍ നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനില്‍ വെച്ച് രഞ്ജിതയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനുവരി 29നാണ് രഞ്ജിത പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന് വളര്‍ച്ചയുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. അമ്മയ്ക്ക് ജനറല്‍ ആശുപത്രിയില്‍ തന്നെയായിരുന്നു ചികിത്സ. പിതാവ് രണ്ട് ആശുപത്രികളിലും മാറി മാറി നില്‍ക്കുകയായിരുന്നു.
എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടതോടെ അമ്മയെ ജനുവരി 31ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ അച്ഛന്‍ മകളെ കാണുന്നതിനായി ആശുപത്രിയിലേക്ക് വരുന്നതും നിന്നു. ഇരുവരും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആശുപത്രി അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ജാര്‍ഖണ്ഡിലെത്തി എന്നൊരു എസ്എംഎസ് സന്ദേശം മാത്രമായിരുന്നു ലഭിച്ചത്.
ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചത്.