K Sudhakaran And KC Venugopal : ‘കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനാകാൻ കഴിയും’; കെസി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് കെ സുധാകരൻ
K Sudhakaran About KC Venugopal : പാർട്ടിയെ നയിക്കാൻ കെ സി വേണുഗോപാൽ കേരളത്തിൽ സജീവമാകണമെന്നാണ് കെ സുധാകരൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ നിർദേശിക്കുന്നതിന് തുല്യമായിട്ടുള്ള ഒരു പോസ്റ്റാണ് കെ സുധാകരൻ പങ്കുവെച്ചിരിക്കുന്നത്.

K Sudhakaran, Kc Venugopal
കണ്ണൂർ : എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ സജീവമാകണെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അടുത്ത മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ചയ്ക്കിടെയാണ് കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള രാഷ്ട്രീയത്തിൽ കെ സി വേണുഗോപാലിൻ്റെ സാന്നിധ്യം എത്രത്തോളം ആവശ്യമുണ്ടെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചുയെന്ന് സുധാകരൻ തൻ്റെ പോസ്റ്റിൽ കുറിച്ചു.
കേരളത്തിൽ കെ കരുണാകരൻ, എ കെ ആൻ്റണി, ഉമ്മൻചാണ്ടി തുടങ്ങിയവരെ പോലെ ദീർഘദർശിയായിട്ടുള്ള നേതാക്കൾ ഇപ്പോൾ കേരളത്തിൽ ഇല്ല. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ കെ സി വേണുഗോപാൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രവർത്തകരിലും സ്ഥാനാർഥികളിലും പ്രവർത്തിച്ച് യുഡിഎഫിൻ്റെ വിജയത്തിൻ്റെ പ്രേരകശക്തിയായി. കെസിയുടെ പ്രവർത്തനം ഒരു നേതാവിൻ്റെ സംഘടന മികവിൻ്റെ തെളിവാണിത്. ഇതാണ് ദീർഘദർശിയായിട്ടുള്ള രാഷ്ട്രീയ നേതാവിന് വേണ്ടതെന്നും സുധാകരൻ തൻ്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയെ മികച്ച രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാനും മുടിചൂടാമന്നനായി ഉയരാൻ കെസിക്ക് കഴിയുമെന്ന് സുധാകരൻ പറയുന്നു.
കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.
ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ. കെ. കരുണാകരൻ, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി… സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.
ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ. പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.
നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.
അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലൻ ഉയരട്ടെ!ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…