Ambalappuzha Election Result 2026: ജി സുധാകരനോ എച്ച് സലാമോ? അമ്പലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
Ambalappuzha Assembly Election Result 2026: ഏഴ് തവണ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ജനവിധി തേടുകയും നാല് തവണ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത ജി. സുധാകരന്റെ കൂടുമാറ്റമാണ് അമ്പലപ്പുഴയെ ഇത്തവണത്തെ ഏറ്റവും വലിയ ഹോട്ട് സീറ്റ് ആക്കി മാറ്റിയത്. പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്ന് വ്യക്തമാക്കിയ സുധാകരൻ, ഇത്തവണ സ്വതന്ത്രനായി ജനവിധി തേടി.
ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ എക്കാലവും ശ്രദ്ധാകേന്ദ്രമായ അമ്പലപ്പുഴ നിയോജക മണ്ഡലം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വാർത്തകളിൽ നിറയുകയാണ്. പുന്നപ്രയും വയലാറും മാരാരിക്കുളവും ഉൾപ്പെടുന്ന വിപ്ലവ മണ്ണിൽ ഇത്തവണ പോരാട്ടം നടക്കുന്നത് മുന്നണികൾ തമ്മിൽ അല്ല, മറിച്ച് എൽഡിഎഫും മുൻ എൽഡിഎഫ് നായകനും തമ്മിലാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.
ഏഴ് തവണ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ജനവിധി തേടുകയും നാല് തവണ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത ജി. സുധാകരന്റെ കൂടുമാറ്റമാണ് അമ്പലപ്പുഴയെ ഇത്തവണത്തെ ഏറ്റവും വലിയ ഹോട്ട് സീറ്റ് ആക്കി മാറ്റിയത്. പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്ന് വ്യക്തമാക്കിയ സുധാകരൻ, ഇത്തവണ സ്വതന്ത്രനായി ജനവിധി തേടി.
സുധാകരന് പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് കൂടി രംഗത്തെത്തിയതോടെ അമ്പലപ്പുഴയിലെ പോരാട്ടം പ്രവചനാതീതമായി മാറി. സുധാകരൻ അനുകൂലികളുടെയും യുഡിഎഫിന്റെയും വോട്ടുകൾ ഒന്നിച്ച് ചേരുന്നത് എൽഡിഎഫ് കോട്ടയിൽ വലിയ വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മണ്ഡല ചരിത്രവും 2021-ലെ കണക്കുകളും
മത്സ്യത്തൊഴിലാളികളും കർഷകരും നിർണ്ണായക ശക്തികളായ തീരദേശ മണ്ഡലമാണ് അമ്പലപ്പുഴ. അമ്പലപ്പുഴ, പുന്നപ്ര, മാരാരിക്കുളം, പറവൂർ, ആലപ്പുഴ നഗരത്തിന്റെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എച്ച്. സലാം 15,000-ത്തിൽപ്പരം വോട്ടുകൾക്ക് കോൺഗ്രസിന്റെ ജി. ലിജി ലാലിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. സിറ്റിംഗ് എംഎൽഎ എച്ച്. സലാം തന്നെ എൽഡിഎഫിനായി വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ, മുൻപ് തനിക്കൊപ്പം നിന്ന സുധാകരന്റെ സ്വാധീനം മറികടക്കുക എന്നത് സലാമിന് വലിയ വെല്ലുവിളിയാകും.
എക്സിറ്റ് പോൾ പ്രകാരം അമ്പലപ്പുഴയിൽ എച്ച്. സലാമിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും, ജി. സുധാകരന്റെ സാന്നിധ്യം വോട്ട് വിഹിതത്തിൽ വലിയ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് സർവ്വേ ചൂണ്ടിക്കാട്ടിയിരുന്നു. ആലപ്പുഴ ജില്ല ഒന്നാകെ യുഡിഎഫ് തരംഗം പ്രവചിക്കപ്പെടുമ്പോൾ അമ്പലപ്പുഴ മാത്രം എൽഡിഎഫ് എങ്ങനെ നിലനിർത്തും എന്നതിലായിരുന്നു ആകാംക്ഷ.
രമേശ് ചെന്നിത്തലയ്ക്ക് മാത്രം സ്വാധീനമുണ്ടായിരുന്ന ആലപ്പുഴയിലെ യുഡിഎഫ് നിരയിലേക്ക് ജി. സുധാകരന്റെ പിന്തുണ ലഭിക്കുന്നത് വരും വർഷങ്ങളിൽ ജില്ലയിലുടനീളം കോൺഗ്രസിന് ഗുണകരമാകുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
English Summary
Kerala Assembly Ambalappuzha Constituency Result 2026, Who will win UDF Support Independent G Sudhakaran Or LDF H Salam. Here is most awaiting result of Kerala Assembly Election 2026.