UDF Exit Poll Results 2026: ആവേശത്തില്‍ യുഡിഎഫ് ക്യാമ്പ്; ‘തരംഗ’മില്ലാത്തതില്‍ മാത്രം നിരാശ; എക്‌സിറ്റ് പോള്‍ എക്‌സാറ്റാകുമോ?
Kerala Election 2026 Exit Poll UDF: യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍. അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും.മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ നൂറിലേറെ സീറ്റുകളില്‍ വിജയക്കൊടി പാറിക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എക്‌സിറ്റ് പോള്‍ പ്രവചനം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.
തിരുവനന്തപുരം, 29-04-2026: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍. 10 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശപ്പെട്ടതു പോലെ 100 സീറ്റുകള്‍ ഒരു പ്രവചനത്തിലും പറയാത്തതില്‍ മാത്രമാണ് അല്‍പം നിരാശ. എന്നാല്‍ മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ നൂറിലേറെ സീറ്റുകളില്‍ വിജയക്കൊടി പാറിക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ നിലനില്‍പിന്റെ തന്നെ പ്രശ്‌നമായിരുന്നു. തുടര്‍ച്ചയായി 10 വര്‍ഷം പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് ഇനിയൊരു പരാജയം താങ്ങാനാകില്ല. അതുകൊണ്ട് തന്നെ എക്‌സിറ്റ് പോള്‍ പ്രവചനം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.
ആക്‌സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്. 78 മുതല്‍ 90 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഒരൊറ്റ ഏജന്‍സി പോലും എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നില്ല. എന്നാല്‍ വിവിധ ഏജന്‍സികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. ആക്‌സിക് മൈ ഇന്ത്യയും, ടൈംസ് നൗ ജെവിസിയും മാത്രമാണ് യുഡിഎഫിന്റെ ശക്തമായ മേധാവിത്തം പ്രവചിക്കുന്നത്.
ഏജന്‍സികളുടെ പ്രവചനം
യുഡിഎഫിന് 72 മുതല്‍ 84 സീറ്റുകള്‍ക്ക് വരെ സാധ്യതയുണ്ടെന്ന് ടൈംസ് നൗ ജെവിസി വ്യക്തമാക്കുന്നു. യുഡിഎപ് 70-75 സീറ്റുകളില്‍ വിജയിക്കാമെന്ന് മെട്രിക്‌സ് കണക്കുകൂട്ടുന്നു. കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന ‘വോട്ട് വൈബ്’ യുഡിഎഫിന് പ്രവചിക്കുന്നത് 70 മുതല്‍ 80 വരെ സീറ്റുകളിലെ വിജയസാധ്യതയാണ്.




പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം പ്രകാരം യുഡിഎഫിന് 75 മുതല്‍ 85 വരെ സീറ്റുകളില്‍ വിജസാധ്യതയുണ്ട്. 71 മുതല്‍ 79 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് പി മാര്‍ക്കിന്റെ വിലയിരുത്തല്‍. പീപ്പിള്‍സ് ഇന്‍സൈറ്റ് 66-76 സീറ്റുകളിലും, ജേര്‍ണോ മിറര്‍ 65-80 സീറ്റുകളിലും, ചാണക്യ സ്ട്രാറ്റജീസ് 72-80 സീറ്റുകളിലും യുഡിഎഫിന് വിജയസാധ്യത പ്രവചിക്കുന്നു.
യുവാക്കളും യുഡിഎഫിനൊപ്പം
കന്നി വോട്ടര്‍മാരും, യുവാക്കളും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. 51 ശതമാനം കന്നിവോട്ടര്‍മാരുടെയും വോട്ട് യുഡിഎഫിന് ലഭിച്ചു. 20-29 പ്രായപരിധിയിലുള്ളവര്‍ കൂടുതലും പിന്തുണച്ചത് യുഡിഎഫിനെയാണ്. യുവ വോട്ടര്‍മാരുടെ പിന്തുണ യുഡിഎഫിനെ തുണച്ചെന്നാണ് ആക്‌സിസ് മൈ ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്.
10 വര്‍ഷത്തെ കാത്തിരിപ്പ്
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് നിരാശയായിരുന്നു ഫലം. 2016-ലെ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകളിലെ വിജയവുമായാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. യുഡിഎഫ് വിജയം 47 സീറ്റുകളിലൊതുങ്ങി. 2021-ലെ തിരഞ്ഞെടുപ്പിലും ഇടതുതരംഗം ആഞ്ഞടിച്ചു. 99 സീറ്റുകളിലാണ് അന്ന് ഇടതുമുന്നണി വിജയക്കൊടി പാറിച്ചത്. വെറും 41 സീറ്റുകളില്‍ മാത്രമായിരുന്നു യുഡിഎഫിന്റെ വിജയം.
ജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി?
എക്‌സിറ്റ് പോള്‍ ഫലങ്ങളും അനുകൂലമായതോടെ, യുഡിഎഫ് ജയിച്ചാല്‍ ആരാകും മുഖ്യന്ത്രിയെന്ന ചര്‍ച്ചകളും ഇനി ശക്തമാകാനാണ് സാധ്യത. അധികാരത്തിലെത്തിയാല്‍ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നും, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം അര്‍ഹിക്കുന്നുവെന്നും പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ വാദിക്കുന്നു.
എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പിന്നിലും ഒരു സംഘം നേതാക്കള്‍ അണിനിരന്നിട്ടുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സജീവമായിട്ടുണ്ട്.
English Summary
With the exit polls coming in favour, the UDF in Kerala is confident. The UDF is hopeful of winning over 100 seats when the votes are counted on May 4. The workers are also happy. Discussions on who will be the Chief Minister are also likely to become active.