Kerala CM Race: മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ല; അന്തിമ തീരുമാനം ‘ഉചിതമായ സമയ’ത്തെന്ന് ദീപാദാസ് മുന്‍ഷി
Kerala Chief Minister Latest Updates: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനത്തിലെത്താനാകാതെ എഐസിസി. അന്തിമ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് വിഡി സതീശനും, രമേശ് ചെന്നിത്തലയും, കെസി വേണുഗോപാലും ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി, 9-5-2026: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനത്തിലെത്താനാകാതെ എഐസിസി. അന്തിമ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍.
നാലു മണി മുതല്‍ ദീര്‍ഘമായ ചര്‍ച്ച നടത്തിയെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്ക് വലിയ ജയം നല്‍കി. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പ്രതിഷേധം കോണ്‍ഗ്രസ് സംസ്‌കാരമല്ല. ഇത്തരം നടപടികള്‍ നിര്‍ത്തിവയ്ക്കണണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. ഉടന്‍ തന്നെ ഹൈക്കമാന്‍ഡില്‍ നിന്ന് തീരുമാനമുണ്ടാകും. 23-ാം തീയതി വരെ സമയമുണ്ട്. തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.
പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം
ചേരിതിരിഞ്ഞുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഉജ്ജ്വലമായ വിജയമാണ് കേരളത്തില്‍ നേടിയത്. നേതാക്കള്‍ ഒരുമിച്ച് ചേര്‍ന്നും, പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തുമുണ്ടാക്കിയ ചരിത്രത്തിലെ ഏറ്റവും വലിയ മഹാവിജയമാണ്. ചേരിതിരിഞ്ഞുള്ള പ്രചാരണങ്ങള്‍ ശരിയല്ല. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന പ്രചാരണത്തിന് ഇത് കാരണമാകും. ആര്‍ക്കും വേണ്ടി ഇത്തരം പ്രചാരണങ്ങള്‍ നടത്തരുത്. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.




Also Read: Kerala CM Race: മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ എംഎൽഎ സ്ഥാനവും ഒഴിയും? കടുപ്പിച്ച് വിഡി സതീശൻ
ഇന്ന് മുതല്‍ അത്തരം ഒരു പ്രവൃത്തികളും അരുതെന്ന് യുഡിഎഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലെക്സ് ബോർഡുകളും പറ്റുമെങ്കില്‍ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം. ഒരു സ്ഥലത്തും ഇതിന്റെ പേരില്‍ പ്രകടനം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി
ജനങ്ങള്‍ നല്‍കിയത് വന്‍ വിജയമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഐക്യജനാധിപത്യ മുന്നണിയുടെ മികച്ച ഭരണകൂടമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നിര്‍ഭാഗ്യകരമായ ഒട്ടേറെ സംഭവങ്ങളുണ്ടായി. അതെല്ലാം ഒരു പഴങ്കഥയായി അവസാനിപ്പിക്കണം. പാര്‍ട്ടിയാണ് പരമപ്രധാനം. തന്റെ പേരിലോ, രമേശ് ചെന്നിത്തലയുടെ പേരിലോ, വിഡി സതീശന്റെ പേരിലോ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ എല്ലാം അവസാനിക്കുകയാണ്
ചരിത്രവിജയമാണ് യുഡിഎഫിന് ലഭിച്ചതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആ വിജയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ആഹ്ലാദഭരിതരാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങള്‍ മൂന്നു പേരുടെയും പേരുകളുമായി ബന്ധപ്പെട്ട് ചില പ്രചാരണങ്ങള്‍ നടന്നു. ഇന്നത്തോടു കൂടി പ്രതിഷേധങ്ങള്‍ എല്ലാം അവസാനിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ്. നേതാക്കളെ സ്‌നേഹിക്കുന്നത് തെറ്റല്ല. എന്നാല്‍ ചെറുതും വലുതുമായ പ്രകടനങ്ങള്‍ എല്ലാം അവസാനിപ്പിക്കണം. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഐക്യത്തിനായി പ്രതിജ്ഞാബദ്ധരാണ്
മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം ഏകസ്വരത്തില്‍ അംഗീകരിക്കുമെന്ന് തങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ഐക്യത്തിനായി പ്രതിജ്ഞാബദ്ധരാണ്. കോണ്‍ഗ്രസിലെ ജനങ്ങള്‍ യുഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കണം. ഈ ദിവസങ്ങളിലുണ്ടായ മോശമായ സംഭവങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
The AICC has not yet reached a final decision regarding the selection of Kerala’s Chief Minister. Following a lengthy meeting at Mallikarjun Kharge’s residence, General Secretary Deepa Das Munshi stated that a decision will be made in due time. Leaders including V.D. Satheesan and Ramesh Chennithala urged party workers to stop ongoing public protests. They emphasized that such behavior does not align with Congress culture and asked supporters to wait for the high command’s announcement.