AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala CM Race: കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക്; മുഖ്യമന്ത്രി തീരുമാനം നീളും

Kerala Chief Minister Selection Update: മുഖ്യമന്ത്രി ആരാകണമെന്നതില്‍ അന്തിമ തീരുമാനത്തിലെത്താനാകാതെ ഹൈക്കമാന്‍ഡ്. ഇനിയും ചര്‍ച്ചകള്‍ വേണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെ. സുധാകരന്‍, കെ. മുരളീധരന്‍, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.

Kerala CM Race: കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക്; മുഖ്യമന്ത്രി തീരുമാനം നീളും
വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തലImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 11 May 2026 | 03:43 PM

തിരുവനന്തപുരം/ന്യൂഡല്‍ഹി, 11-5-2026: കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതില്‍ അന്തിമ തീരുമാനത്തിലെത്താനാകാതെ ഹൈക്കമാന്‍ഡ്. ഇനിയും ചര്‍ച്ചകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി മുന്‍ അധ്യക്ഷന്‍മാരായ കെ. സുധാകരന്‍, കെ. മുരളീധരന്‍, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ഇവരെ കൂടാതെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും വിളിപ്പിച്ചിട്ടുണ്ട്. ഈ നേതാക്കളുമായി എഐസിസി നാളെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനെ വിളിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. എകെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി ഫോണിലൂടെ ചര്‍ച്ച നടത്തുമെന്നാണ് സൂചന.

നേതാക്കളെ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകാനുള്ള സാധ്യത മങ്ങി. നാളെയോ മറ്റന്നാളോ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപനം ഇനിയും നീണ്ടാലും അത്ഭുതപ്പെടാനില്ല.

വിടുക്കൊടുക്കില്ലെന്ന് ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍’

മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദത്തില്‍ നിന്ന് തെല്ലും പിന്നോട്ടില്ലെന്ന നിലപാടിലാണ് കെസി വേണുഗോപാലും, വിഡി സതീശനും, രമേശ് ചെന്നിത്തലയും. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് യുഡിഎഫിനെ നയിച്ച് വിജയത്തിലെത്തിച്ചത് താനാണെന്നാണ് സതീശന്‍ ക്യാമ്പിന്റെ വാദം. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കും ഇല്ലെന്ന നിലപാടിലാണ് സതീശന്‍. കടുത്ത നടപടികളിലേക്ക് സതീശന്‍ കടക്കുമോയെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

Also Read: Kerala CM Race: മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ല; അന്തിമ തീരുമാനം ‘ഉചിതമായ സമയ’ത്തെന്ന് ദീപാദാസ് മുന്‍ഷി

മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ് വേണുഗോപാല്‍ വിഭാഗവും. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്നും അദ്ദേഹം വാദിക്കുന്നു. എഐസിസി നിരീക്ഷകരും വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് സൂചന.

സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന പോയിന്റ്. സതീശന്‍-വേണുഗോപാല്‍ തര്‍ക്കം രൂക്ഷമാകുമ്പോള്‍ ‘സമവായ’മായി തന്റെ പേര് പരിഗണിക്കപ്പെട്ടേക്കാമെന്നും ചെന്നിത്തല കരുതുന്നു.

അണികള്‍ പ്രതിഷേധത്തില്‍

മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും അതിന്റെ ഭംഗിയെല്ലാം കളഞ്ഞുകുളിച്ചെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം. മുസ്ലീം ലീഗ് അടക്കുള്ള ഘടകകക്ഷികളും അതൃപ്തിയിലാണ്. അതേസമയം, എഐസിസി നേതൃത്വം ഘടകകക്ഷികളുമായി ഫോണില്‍ ബന്ധപ്പെടുമെന്നും സൂചനയുണ്ട്. ഘടകകക്ഷികള്‍ പിന്തുണയ്ക്കുന്നത് സതീശനെയാണ്.

‘ഉചിതമാ’യ സമയം

മുഖ്യമന്ത്രി പ്രഖ്യാപനം ഉചിതമായ സമയത്തുണ്ടാകുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞത്. എന്നാല്‍ ആ സമയം എപ്പോഴാണെന്ന് മാത്രം വ്യക്തമല്ല. 23-ാം തീയതി വരെ സമയമുണ്ടെന്നും, ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, തങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ നടക്കുന്ന ചേരിതിരിഞ്ഞുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ക്കും വേണ്ടി ഇത്തരം പ്രചാരണങ്ങള്‍ നടത്തരുതെന്ന് വിഡി സതീശന്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ ഒട്ടേറെ സംഭവങ്ങളുണ്ടായെന്നും, അതെല്ലാം ഒരു പഴങ്കഥയായി അവസാനിപ്പിക്കണമെന്നും കെസി വേണുഗോപാല്‍ അഭ്യര്‍ത്ഥിച്ചു. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

English Summary

The decision on Kerala’s Chief Minister is delayed. Congress leadership has summoned senior state leaders to Delhi. Former KPCC presidents will join these high-level discussions. The High Command aims to resolve the leadership deadlock quickly.

Follow Us