Government Onam 2025 Celebrations: അതിഥികളായി രവി മോഹനും ബേസിലും; സര്‍ക്കാരിന്റെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം
Onam Week 2025 Events: വിവിധ വകുപ്പുമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നിന്ന് കോര്‍പ്പറേഷന്‍ വരെയുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.

രവി മോഹന്‍, ബേസില്‍ ജോസഫ്
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഓണം വാരാഘോഷങ്ങള്‍ ഇന്ന് ആരംഭിക്കും. വൈവകീട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തമിഴ് നടന്‍ രവി മോഹന്‍, സംവിധായകനും നടനുമായ ബേസില്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളാകും.
വിവിധ വകുപ്പുമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നിന്ന് കോര്‍പ്പറേഷന്‍ വരെയുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.
ഓണം വാരാഘോഷത്തിന്റെ ഘോഷയാത്ര മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. അതേസമയം, ഓണാഘോഷ പരിപാടികളിലേക്ക് ഗവര്‍ണറെ മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും നേരിട്ടെത്തി ക്ഷണിച്ചിരുന്നു. സര്‍ക്കാരിന്റെ ഓണക്കോടിയും മന്ത്രിമാര്‍ ഗവര്‍ണര്‍ കൈമാറി.
പരിപാടിക്ക് എത്താമെന്ന് ഗവര്‍ണര്‍ മന്ത്രിമാരെ അറിയിച്ചു. ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയ മന്ത്രി വി ശിവന്‍കുട്ടി ആദ്യമായാണ് ഇപ്പോള്‍ രാജ്ഭവനിലെത്തുന്നത്.
അതേസമയം, സെന്‍ട്രല്‍ സ്‌റ്റേഡിയം, പൂജപ്പുര മൈതാനം. ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, മ്യൂസിയം വളപ്പ്, ശംഖുമുഖം, കഴക്കൂട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം എന്നിവയാണ് ഓണാഘോഷങ്ങളുടെ പ്രധാന വേദികള്‍. നിശാഗന്ധിയില്‍ സെപ്റ്റംബര്‍ നാലിന് വൈകീട്ട് 7 മണിക്ക് സംഗീത സംവിധായകന്‍ ശരതിന്റെ നേതൃത്വത്തില്‍ സംഗീതനിശ നടക്കും.
Also Read: Viral Onam Celebration: തട്ടമിട്ട് അവര്‍ ആടിപ്പാടി, ‘വൈറല്‍’ ഓണാഘോഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സെപ്റ്റംബര്‍ 5ന് വൈകീട്ട് 8.30ന് സുരാജ് വെഞ്ഞാറമൂടിന്റെ ലൈവ് ഷോ, 6ന് വൈകീട്ട് സിത്താര കൃഷ്ണകുമാറിന്റെ സംഗീത പരിപാടി, 9ന് വൈകീട്ട് 7ന് വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടി എന്നിവയുമുണ്ടാകും. മനോ, ചിന്മയി, നരേഷ് അയ്യര്‍, ബിജു നാരായണന്‍, കല്ലറ ഗോപാലന്‍, സുധീപ് കുമാര്‍, വിധു പ്രതാപ്, നജിം അര്‍ഷാദ്, രമ്യ നമ്പീശന്‍, രാജേഷ് ചേര്‍ത്തല, നിത്യ മാമ്മന്‍, പുഷ്പവതി തുടങ്ങിയവരുടെ കലാവിരുന്നുമുണ്ടാകും.
സെപ്റ്റംബര്‍ 9ന് വൈകീട്ട് ഘോഷയാത്രയോടെ പരിപാടികള്‍ സമാപിക്കും. ആകെ 33 വേദികളിലാണ് പരിപാടികള്‍ നടക്കുക. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് മുകളിലായി 5,6,7 തീയതികളില്‍ ഡ്രോണ്‍ ഷോയും നടക്കും.