Kerala High Court: ഉത്തരവിറക്കാൻ എഐ വേണ്ട; മാർഗനിർദേശങ്ങളുമായി കേരള ഹൈക്കോടതി
Kerala High Court regulate AI use: ഇത്തരം ടൂളുകളുടെ ഉപയോഗം സ്വകാര്യതയേയും ഡാറ്റ സംരക്ഷണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. രാജ്യത്ത് ഇതാദ്യമായാണ് ഒരു കോടതി ഇത്തരം നിർദേശം പുറപ്പെടുവിക്കുന്നത്.

കോടതി ഉത്തരവുകൾ പുറപ്പെടുവിക്കാൻ എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. ജുഡീഷ്യൽ ഓഫീസർമാർ അടക്കമുള്ളവർക്കായി പ്രത്യേക മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നിർദേശങ്ങൾ ലംഘിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് പുറമേ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനും ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകൾ ഉപയോഗിക്കാൻ പാടില്ല. ഇത്തരം ടൂളുകളുടെ ഉപയോഗം സ്വകാര്യതയേയും ഡാറ്റ സംരക്ഷണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. രാജ്യത്ത് ഇതാദ്യമായാണ് ഒരു കോടതി ഇത്തരം നിർദേശം പുറപ്പെടുവിക്കുന്നത്.
ALSO READ: കൈക്കൂലിയും ഡിജിറ്റലായി, സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ ഗൂഗിൾ പേ വഴി നടന്നത് വൻ ഇടപാട്
അതേസമയം എഐ ടൂളുകള്‍ ഉപയോഗിക്കുണ്ടെങ്കില്‍ അവ അംഗീകൃതമായവ മാത്രമായിരിക്കണം. കൂടാതെ എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിന് കൃത്യമായ പരിശീലനം നേടണം. ഇതിനായി ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ട്. അംഗീകൃത എഐ ടൂളുകളുടെ കാര്യത്തലില്‍ എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയില്‍പ്പെട്ടാല്‍ ഹൈക്കോടതിയുടെ ഐടി വിഭാഗത്തെ അറിയിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ സഹായകരമാണെങ്കിലും അവ നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും തെറ്റായതോ, അപൂര്‍ണ്ണമോ, പക്ഷപാതപരമോ ആകാനിടയുണ്ട്. കൂടാതെ അവ നല്‍കുന്ന നിയമപരമായ ഉദ്ധരണികള്‍, റഫറന്‍സുകള്‍ എന്നിവ ഉള്‍പ്പെടെ ഏതൊരു ഫലവും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സൂക്ഷ്മമായി പരിശോധിക്കണം. ജുഡീഷ്യല്‍ ഉത്തരവ്, വിധിന്യായം എന്നിവയുടെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ജഡ്ജിമാരുടേതാണെന്നും കോടതി വ്യക്തമാക്കി.