Kerala Local Body Election 2025: അങ്കം തുടങ്ങി; സംസ്ഥാനത്ത് ആകെ 98,451 സ്ഥാനാര്‍ഥികള്‍
Kerala Election Candidates: മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. ഏറ്റവും കുറവുള്ളത് വയനാട് ജില്ലയിലും. മലപ്പുറത്ത് 12,566 പേരാണ് മത്സരരംഗത്തുള്ളത്. വയനാട് 2,838 പേരും. 2,261 പേരുടെ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി.
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ആകെ 98,451 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച മൂന്ന് മണി വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ട്. അതിന് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പുറത്തിറങ്ങും. സ്ഥാനാര്‍ഥികളില്‍ 51,728 പേര്‍ വനിതകളും, 46,722 പേര്‍ പുരുഷന്മാരുമാണ്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. ഏറ്റവും കുറവുള്ളത് വയനാട് ജില്ലയിലും. മലപ്പുറത്ത് 12,566 പേരാണ് മത്സരരംഗത്തുള്ളത്. വയനാട് 2,838 പേരും. 2,261 പേരുടെ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പത്രിക തള്ളിയത്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസരം തിങ്കളാഴ്ച മൂന്ന് മണിയോടെ അവസാനിക്കും. ഇതിന് ശേഷം ചിഹ്നം അനുവദിക്കും. ഇതോടെ ചൂടേറിയ പ്രചാരണങ്ങള്‍ക്ക് തുടക്കമാകും. ശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്പെടുത്തും. ഡിസംബര്‍ 9,11 തീയതികളിലാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണല്‍ നടക്കും.




ബിജെപിക്ക് തിരിച്ചടി
കൊല്ലം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ബിജെപിക്ക് തിരിച്ചടി. കൊല്ലം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ച് ഒപ്പുവെച്ചയാള്‍ ഡിവിഷന് പുറത്തുനിന്നുള്ളതാണെന്നാണ് കാരണം. തൃശൂരിലെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലും പത്രിക തള്ളി. പട്ടികജാതി വനിത സംവരണം ആയ വാര്‍ഡില്‍, പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ഥി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല.
ആലപ്പുഴ വാടയ്ക്കല്‍ വാര്‍ഡില്‍ മുമ്പ് മത്സരിച്ചതിന്റെ കണക്കുകളും രേഖകളും ഹാജാരാക്കാത്തതിനെ തുടര്‍ന്ന് പത്രിക തള്ളുകയായിരുന്നു. തൃശൂര്‍ എടക്കഴിയൂര്‍ ഡിവിഷനിലും ബിജെപി പത്രിക തള്ളിയിട്ടുണ്ട്.