Kerala Lottery Bandh: ഓണം ബമ്പറിന്റെ കാര്യം കഷ്ടമാകും? 26ന് ലോട്ടറി ബന്ദ്
Onam Bumper 2025: ബന്ദ് പ്രാവര്‍ത്തിമാകുകയാണെങ്കില്‍ ലോട്ടറി വിറ്റ് ജീവിക്കുന്നവരെയും ഓണം ബമ്പര്‍ ടിക്കറ്റെടുക്കുന്നവരെയും സാരമായി ബാധിക്കും. സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്.

ലോട്ടറി ബന്ദ്
തിരുവനന്തപുരം: ജിഎസ്ടി വര്‍ധനവിനെ തുടര്‍ന്ന് ലോട്ടറി മേഖലയിലുണ്ടായ പ്രതിസന്ധികളില്‍ പ്രതിഷേധിച്ച് കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ ബന്ദ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 26ന് വെള്ളിയാഴ്ചയാണ് ബന്ദ്. ലോട്ടറി ടിക്കറ്റ് വില 40 രൂപയില്‍ നിന്ന് 50 ആയി വര്‍ധിപ്പിച്ചിരുന്നു. പുതുക്കിയ നിരക്കിലുള്ള ലോട്ടറിയുടെ നറുക്കെടുപ്പ് ആരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്.
ലോട്ടറി വില 50 രൂപയാക്കി ഉയര്‍ത്തിയതിലും സമ്മാനങ്ങളില്‍ ലോട്ടറി ഏജന്റിന് ലഭിക്കുന്ന കമ്മീഷനുകളില്‍ കുറവ് വരുത്തിയതിലും പ്രതിഷേധിച്ചാണ് ബന്ദ്. ബന്ദ് പ്രാവര്‍ത്തിമാകുകയാണെങ്കില്‍ ലോട്ടറി വിറ്റ് ജീവിക്കുന്നവരെയും ഓണം ബമ്പര്‍ ടിക്കറ്റെടുക്കുന്നവരെയും സാരമായി ബാധിക്കും. സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്.
ലോട്ടറി ജിഎസ്ടി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 40 ശതമാനമായി വര്‍ധിപ്പിച്ചതിന്റെ പേരില്‍ വില്‍പന കമ്മീഷനിലും പ്രൈസ് കമ്മീഷനിലും വലിയ കുറവാണ് സര്‍ക്കാര്‍ വരുത്തിയത്. ഈ നടപടി ലോട്ടറിയെടുക്കുന്ന ജനങ്ങളോടുള്ള വഞ്ചനയും ഏജന്റുമാരോടും വില്‍പനക്കാരോടുമുള്ള ചതിയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
നേരത്തെ ഉണ്ടായിരുന്ന 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന്റെ സമ്മാനത്തുകയേക്കാള്‍ കുറവ് വരുത്തിയാണ് ലോട്ടറി ടിക്കറ്റ് വില 50 രൂപയാക്കിയ ടിക്കറ്റുകളുള്ളത്. ജിഎസ്ടി വര്‍ധനവിലൂടെ 1 കോടി എട്ട് ലക്ഷം ടിക്കറ്റുകളില്‍ നിന്നായി മൂന്ന് കോടി അറുപത്തിയൊന്ന് ലക്ഷം രൂപയുടെ വരുമാനമാണ് ഇരു സര്‍ക്കാരുകള്‍ക്കും ഉണ്ടായത്.
Also Read: Onam Bumper 2025: ഓണം ബമ്പര്‍ സമ്മാനത്തുക കുറയുമോ? ലോട്ടറി ജിഎസ്ടി ഭാഗ്യവാന്മാര്‍ക്കുള്ള പണി!
28 ശതമാനം ജിഎസ്ടി ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത് 5 രൂപ 45 പൈസയാണ്. 40 ശതമാനം ജിഎസ്ടിയാകുമ്പോള്‍ ലഭിക്കുന്നത് 7 രൂപ 12 പൈസയായിരിക്കും. ഇതിന് പുറമെ അണ്‍ ക്ലെയിംഡ് സമ്മാനങ്ങള്‍ വഴിയും സര്‍ക്കാരിന് വരുമാനം ലഭിക്കുന്നു. ജിഎസ്ടിയിലൂടെയുള്ള 67 പൈസയുടെ അധിക വരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണം. കേന്ദ്ര വിഹിതം ലോട്ടറി മേഖലയിലുള്ളവര്‍ക്ക് മേല്‍ വെക്കാതെ അതും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.