Kerala Rain Alert: തുള്ളി തോരാതെ പേമാരി; സംസ്ഥാനത്ത് 3 ജില്ലകളിൽ റെഡ് അലർട്ട്, വരും ദിവസങ്ങളിൽ കാറ്റ് ശക്തമാകും
Kerala Monsoon Rain Warning: തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
അതേസമയം, അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മാറാത്തവാഡക്കു മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുകയാണ്. മെയ് 27 ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങളാണ് കടപുഴകി വീണത്. കൂടാതെ അടുത്തുള്ള വീടിന്റെ മേൽക്കൂര റെയിൽവേ ട്രാക്കിലേക്ക് പറന്നുവീഴുകയും ചെയ്തു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ ഉൾപ്പെടെ കാറ്റിൽ തകർന്നതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ട്രെയിൻ സർവീസുകൾ താറുമാറായിരിക്കുകയാണ്.