Kerala Rain : ആലുവയിലും കോഴിക്കോടും റെയിൽവെ ട്രാക്കിൽ മരങ്ങൾ വീണു; ട്രെയിനുകൾ വൈകി ഓടുന്നു
Kerala Train Services Disrupted : കോഴിക്കോട് ഒരു ഭാഗത്തിലൂടെ ഭാഗികമായി സർവീസ് നടത്തുന്നുണ്ട്. എന്നാൽ ആലുവയിൽ രണ്ട് ട്രാക്കിലുമായിട്ടാണ് മരം വീണത്.

ആലുവ അമ്പാട്ടുകാവ് റെയിൽവെ ട്രാക്കിൽ മരം കടപുഴകി വീണു
കൊച്ചി : സംസ്ഥാനത്തെ ശക്തമായ കാറ്റിലും മഴയിലും കോഴിക്കോടും എറണാകുളം ജില്ലയിലെ ആലുവയിലും മരം റെയിൽവെ ട്രാക്കിൽ വീണു. മരം വീണ് സംസ്ഥാനത്തെ റെയിൽവെ ഗതാഗതം താറുമാറായി. കോഴിക്കോട് കല്ലായി- ഫറോക്ക് സ്റ്റേഷനുകൾക്കിടിയിൽ അരീക്കാടാണ് മരങ്ങൾ കടപുഴകി വീണത്. ശക്തമായ കാറ്റിനെ തുടർന്നാണ് മരങ്ങൾ ട്രാക്കിൽ വീണത്. സമീപത്തെ വീടിൻ്റെ മേൽക്കൂരയടക്കമാണ് ട്രാക്കിൽ പതിച്ചത്. വടക്കൻ കേരളത്തിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അതേസമയം ഒരു ട്രാക്കിലൂടെ സർവീസ് പുനഃരാരംഭിച്ചുയെന്നും റെയിൽവെ അറിയിച്ചു.
ആലുവയൽ അമ്പാട്ടുകാവിന് സമീപം ആൽമരമാണ് കടപുഴകി വീണത്. ഇരു ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു സംഭവം. തെക്കൻ കേരളത്തിലേക്കുള്ള എല്ലാ സർവീസുകളെയും ഇത് ബാധിച്ചിരിക്കുകയാണ്. ട്രെയിനുകൾ എല്ലാം അങ്കമാലിയിലും മറ്റ് സ്റ്റേഷനുകളിലും പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ തിരുവനന്തപുരം-നാഗർകോവിൽ നോർത്ത് പാസഞ്ചർ എക്സ്പ്രസ് റദ്ദാക്കി.
ഈ ട്രെയിനുകൾ വൈകി ഓടുന്നു
തിരുവനന്തപുരത്ത് നിന്നുള്ള മാവേലി എക്സ്പ്രസ് നാളെ രാത്രി 9.05ന് പുറപ്പെടു. എറണാകുളത്ത് നിന്നും പൂനെയിലേക്ക് സർവീസ് നടത്തുന്ന പൂർണ എക്സ്പ്രസ് ഇന്ന് രാത്രി രണ്ട് മണിക്കൂർ വൈകിയാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമെ തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ്, മാംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്, കണ്ണൂർ-ഷൊർണ്ണൂർ മെമു തുടങ്ങിയ ട്രെയിനുകൾ എല്ലാം വൈകി ഓടുകയാണ്.