Vande Bharat Sleeper: കേരളത്തിന് 2 വന്ദേ ഭാരത് സ്ലീപ്പര്‍, അതും ഈ റൂട്ടില്‍; കൂടെ അമൃത് ഭാരതും
Kerala Vande Bharat and amrit bharat services: വൈകിട്ട് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലായിരിക്കും വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ ക്രമീകരിക്കുക.
തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവേകിക്കൊണ്ട് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും ഉടൻ അനുവദിച്ചേക്കു എന്ന് വിവരം. ഈ വർഷം പുറത്തിറക്കുന്ന 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണമാണ് കേരളത്തിന് ലഭിക്കുക. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കായിരിക്കും ആദ്യ ഘട്ടത്തിൽ മുൻഗണന ലഭിക്കുക. തിരുവനന്തപുരം – ചെന്നൈ, തിരുവനന്തപുരം – ബെംഗളൂരു റൂട്ടുകളിൽ വന്ദേഭാരത് സ്ലീപ്പറും, എറണാകുളം – ജോഗ്ബനി (ബിഹാർ) റൂട്ടിൽ അമൃത് ഭാരതുമാണ് എത്തുക.
വന്ദേഭാരത് സ്ലീപ്പർ
വൈകിട്ട് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലായിരിക്കും വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ ക്രമീകരിക്കുക. നിലവിലുള്ള ട്രെയിനുകളെക്കാൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. 11 തേർഡ് എസി, 4 സെക്കൻഡ് എസി, 1 ഫസ്റ്റ് എസി ഉൾപ്പെടെ ആകെ കോച്ചുകളുടെ എണ്ണം 16 ആണ്. മൊത്തം ബെർത്തുകൾ 823.
അമൃത് ഭാരത് എക്സ്പ്രസ്
അതിഥി തൊഴിലാളികളെ പ്രധാനമായും ലക്ഷ്യം വെച്ചാണ് എറണാകുളത്ത് നിന്ന് ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിൻ പരിഗണിക്കുന്നത്. സ്ലീപ്പർ ക്ലാസ്, ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ മാത്രമുള്ള ഈ ട്രെയിനിന് ഇരുവശത്തും എൻജിനുകൾ ഉള്ളതിനാൽ (Push-Pull technology) വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും.
Also Read: കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരത് വരുന്നു? എന്ന് പ്രതീക്ഷിക്കാം?
അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി നേമം റെയിൽവേ ടെർമിനലിന്റെ രണ്ടാം ഘട്ട വികസനത്തിന് അനുമതി നേടിയെടുക്കാൻ ബിജെപി സംസ്ഥാന ഘടകം കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്. ദക്ഷിണ കേരളത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ നേമം ടെർമിനൽ അത്യാവശ്യമാണെന്ന നിലപാടിലാണ് അധികൃതർ.