Vishu Bumper 2025: ആരാകും ആ 12 കോടിയുടെ ഭാഗ്യവാൻ? വിഷു ബമ്പർ നറുക്കെടുപ്പ് നാളെ; സമ്മാനം അടിച്ചാൽ കൈയിൽ എത്ര കിട്ടും?
Vishu Bumper BR 103 Kerala Lottery: 300 രൂപയാണ് വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില. ആറ് സീരീസുകളിലാണ് ടിക്കറ്റ് ഇത്തവണ വിപണിയിലെത്തിയത്. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്.

Kerala Vishu Bumper Br 103
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ (മെയ് 28) ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് 12 കോടി രൂപയാണ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ രണ്ട് മണി മുതൽ ഫലം ലഭ്യമാകും.
300 രൂപയാണ് വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില. ആറ് സീരീസുകളിലാണ് ടിക്കറ്റ് ഇത്തവണ വിപണിയിലെത്തിയത്. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നല്‍കും. ഇതിനു പുറമെ, 5000 രൂപ മുതല്‍ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിൽ എത്തിയത്. ഇതിൽ തിങ്കളാഴ്ച വൈകിട്ട് നാലു മണിക്കുള്ളിൽ 42 ,17, 380 ടിക്കറ്റുകളും വിറ്റു പോയി. പതിവ് പോലെ ഇത്തവണയും ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് ഒന്നാമത്. 9, 21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 5, 22, 050 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 4, 92, 200 ടിക്കറ്റുകൾ വിറ്റ് തൃശൂർ മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ വർഷത്തെ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ്. VC 490987 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ആലപ്പുഴ പഴവീട് പ്ലാം പറമ്പിൽ വിശ്വംഭരനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് 12 കോടി രൂപയാണ്. എന്നാൽ മുഴുവൻ തുകയും ഭാഗ്യശാലിക്ക് ലഭിക്കില്ല. ഏജൻ്റ് കമ്മീഷൻ, നികുതി എന്നിവ ഈടാക്കിയ ശേഷമാണ് തുക ലഭിക്കുക. സമ്മാനത്തുകയുടെ പത്ത് ശതമാനമാണ് ഏജൻ്റ് കമ്മീഷൻ. അതായത് 12 കോടിയുടെ പത്ത് ശതമാനം 1.2 കോടി രൂപയാണ്. നികുതിയായി 30 ശതമാനമാണ് അടയ്ക്കേണ്ടത്. 30 ശതമാനമെന്നത് 3.24 കോടി രൂപയാണ്. ഇതോടെ ബാക്കി ലഭിക്കുക 7.56 കോടി രൂപ.