Kerala Weather Update: ഇന്ന് മഴ മുന്നറിയിപ്പുണ്ടോ? കുടയെടുക്കാതെ പോകുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ
Rain Alert in Kerala: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നതോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 9 ചൊവ്വ, സെപ്റ്റംബര്‍ 10 ബുധന്‍ എന്നീ ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകള്‍ക്കും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ഗുജറാത്ത് തീരം, അതിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍, തെക്കുപടിഞ്ഞാറന്‍-മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചിലയവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്.
ഗുജറാത്ത് തീരം, വടക്കന്‍ മഹാരാഷ്ട്ര തീരം, വടക്കുകിഴക്കന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.