Kerala Weather Update: കുടയെടുത്തോണേ, എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
Kerala Weather Updates: ഒരു ജില്ലകളിലും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അഞ്ചുവരെ മുഴുവൻ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒരു ജില്ലകളിലും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അഞ്ചുവരെ മുഴുവൻ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം.
അടുത്ത മൂന്നു മണിക്കൂറിൽ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ, കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11:30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഇന്ന് താപനില ഉയർന്നേക്കാം.
ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.