Kottayam Medical College Accident: 1 ലക്ഷം രൂപ ധനസഹായം , മാസം 5000 രൂപ; ബിന്ദുവിന്റെ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് കടയുടമ
Kottayam Medical College Accident: മരണവിവരമറിഞ്ഞ് ബിന്ദുവിനെ അവസാനമായി കാണാൻ വീട്ടിലെത്തിയപ്പോൾ ആനന്ദാക്ഷൻ കണ്ട കാഴ്ച സങ്കടപ്പെടുത്തുന്നതായിരുന്നു. ഇത്രയും പ്രയാസങ്ങളിലൂടെയാണ് ബിന്ദു കടന്നുപോയതെന്നും വീടിന്റെ ഏക ആശ്രയമായിരുന്നു ബിന്ദുവെന്നും അദ്ദേഹം മുമ്പ് അറിഞ്ഞിരുന്നില്ല.

ബിന്ദു, കോട്ടയം മെഡിക്കൽ കോളജില്‍ അപകടത്തിൽ തകർന്ന കെട്ടിടം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച് കടയുടമ. ബിന്ദു ജോലി ചെയ്ത തലയോലപ്പറമ്പ് ശിവാസ് സിൽക്സ് ഉടമയായ പി. ആനന്ദാക്ഷനാണ് ധനസഹായവുമായി എത്തിയത്. ഒരു ലക്ഷം രൂപയും, അമ്മ സീതാലക്ഷ്മിക്ക് മാസംതോറും 5000 രൂപയും നൽകുമെന്ന് ആനന്ദാക്ഷൻ ഉറപ്പ് നൽകി. മരണവിവരമറിഞ്ഞ് ബിന്ദുവിനെ അവസാനമായി കാണാൻ വീട്ടിലെത്തിയപ്പോൾ ആനന്ദാക്ഷൻ കണ്ട കാഴ്ച സങ്കടപ്പെടുത്തുന്നതായിരുന്നു. ഇത്രയും പ്രയാസങ്ങളിലൂടെയാണ് ബിന്ദു കടന്നുപോയതെന്നും വീടിന്റെ ഏക ആശ്രയമായിരുന്നു ബിന്ദുവെന്നും അദ്ദേഹം മുമ്പ് അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ എട്ട് വർഷമായി ആനന്ദാക്ഷന്റെ കടയിൽ ജോലി ചെയ്ത് വരുകയായിരുന്നു ബിന്ദു. ടോപ്പിന്റെ സെക്ഷനായിരുന്നു ബിന്ദു നോക്കിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറും. ആരോടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. അവധി എടുക്കാറില്ലെന്നും കൃത്യമായി ജോലിക്കെത്തുമെന്നും ആനന്ദാക്ഷന്റെ ഭാര്യ ജിജി പറയുന്നു. 400 രൂപയായിരുന്നു ദിവസ ശമ്പളം. ഞായറാഴ്ച 500 രൂപയും. ബിന്ദുവിന്റെ ആവശ്യപ്രകാരം ആഴ്ചയിലാണ് പണം നൽകിയിരുന്നത്. വീട്ടിലെ പ്രയാസങ്ങൾ അവർ ആരോടും പറഞ്ഞിരുന്നില്ലന്ന് ആനന്ദാക്ഷൻ പറയുന്നു.
അതേസമയം ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് പണം കൈമാറിയത്. മരിച്ച ദിവസം വീട്ടിലെത്തിയ ചാണ്ടി ഉമ്മൻ ‘ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍’ വഴി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ ഫണ്ടിലേക്കായി കോട്ടയം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.