Nilambur By Election 2025: പരമാവധി വോട്ടുറപ്പിക്കാന്‍ മുന്നണികള്‍, നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം, പ്രചാരണം അവസാന ലാപ്പില്‍
Nilambur By Election 2025 LDF, UDF, NDA and PV Anvar Campaign: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും, എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജും, സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിവി അന്‍വറും പ്രചാരണരംഗത്ത് സജീവമാണ്
നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം. പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുമ്പ് പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. ബുധനാഴ്ച നിശബ്ദ പ്രചാരണം നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും. അവസാന ലാപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും ആത്മവിശ്വാസത്തിലാണ്. വിജയം സുനിശ്ചിതമെന്ന വിലയിരുത്തലിലാണ് യുഡിഎഫും എല്‍ഡിഎഫും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പിവി. അന്‍വറും. മികച്ച പ്രകടനം പുറത്തെടുക്കാനാണ് എന്‍ഡിഎയുടെയും ശ്രമം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും, എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജും, സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിവി അന്‍വറും പ്രചാരണരംഗത്ത് സജീവമാണ്.
പ്രതികൂല കാലാവസ്ഥയിലും നിലമ്പൂരില്‍ ആവേശത്തിന് ഒട്ടും കുറവില്ല. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. യുഡിഎഫിന്റെ ജമാ അത്തെ ഇസ്ലാമി ബന്ധമാണ് മണ്ഡലത്തില്‍ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്ന ഒരു വിഷയം. ഈ വിഷയം ആദ്യം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
വന്യമൃഗശല്യം, ആശാ വര്‍ക്കര്‍മാരുടെ സമരം, വിലക്കയറ്റം, ക്ഷേമപെന്‍ഷനിലെ കുടിശിക അടക്കമുള്ള വിഷയങ്ങളാണ് പ്രതിപക്ഷത്തിന്റെ ആയുധം. ഈ വിഷയങ്ങള്‍ പരമാവധി ജനങ്ങളിലെത്തിച്ച് വോട്ടുറപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയിലെ ജനക്കൂട്ടം വോട്ടായി മാറുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ.




രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെയും, ഷാഫി പറമ്പില്‍ എംപിയുടെയും കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ച സംഭവവും യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് മുതിരാതെ തന്ത്രപരമായ സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. പാലക്കാട്ടെ പെട്ടി വിവാദം തിരിച്ചടിച്ചത് നിലമ്പൂരില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് എല്‍ഡിഎഫ് പുലര്‍ത്തുന്നത്. വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവവും നിലമ്പൂരില്‍ ചര്‍ച്ചയാകുന്നുണ്ട്. സര്‍ക്കാരിനെതിരായി വിഷയത്തെ യുഡിഎഫ് ഉന്നയിക്കുന്നു.
Read Also: Nilambur By Election 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് കഴിഞ്ഞു
മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എന്‍ഡിഎ വോട്ട് തേടുന്നത്. മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളിലടക്കം എന്‍ഡിഎ കണ്ണുവയ്ക്കുന്നു. മണ്ഡലത്തിലെ തന്റെ പ്രതിച്ഛായ വോട്ടാകുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ. മുന്‍ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിയുമായ യൂസഫ് പത്താനെ പ്രചാരണത്തിനെത്തിക്കാനും അന്‍വറിന് സാധിച്ചു.