Nilambur By Election 2025: നിലമ്പൂരില്‍ ഇന്ന് ‘സെമി ഫൈനല്‍’ പോരാട്ടം, വിധിയെഴുത്ത് രാവിലെ ഏഴ് മുതല്‍; ആത്മവിശ്വാസത്തില്‍ മുന്നണികള്‍
Nilambur By Poll 2025: രണ്ട് മുന്നണികളെയും മാറി മാറി അനുഗ്രഹിച്ച ചരിത്രമുള്ളതിനാല്‍ നിലമ്പൂരിലെ പോരാട്ടം പ്രവചനാതീതമാണ്. വിജയിച്ചാല്‍ മൂന്നാം ഇടതുസര്‍ക്കാര്‍ എന്ന പ്രചാരണവുമായി ആത്മവിശ്വാസത്തോടെ മുന്നേറാന്‍ എല്‍ഡിഎഫിനാകും. വിജയിക്കുന്നത് യുഡിഎഫ് എങ്കില്‍ സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമെന്ന പ്രചാരണം കൂടുതല്‍ ശക്തമാക്കാനാകും

നിലമ്പൂര്‍: വോട്ടെടുപ്പിനായി നിലമ്പൂര്‍ ഒരുങ്ങി. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 2,32,381 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,13,613 പുരുഷന്മാരും, 1,18,760 സ്ത്രീകളും എട്ടു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. 7787 പുതിയ വോട്ടര്‍മാരുണ്ട്. പട്ടികയില്‍ 373 പ്രവാസി വോട്ടര്‍മാരും, 324 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 263 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 14 എണ്ണമാണ് പ്രശ്‌ന സാധ്യത ബൂത്തുകള്‍. 1200 പൊലീസുകാരെയും, കേന്ദ്ര സേനയെയും സുരക്ഷയ്ക്കായി വിനിയോഗിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സെമി ഫൈനല്‍ പോരാട്ടമായതിനാല്‍ നിലമ്പൂരിലെ മത്സരം ഇടത്, വലത് മുന്നണികള്‍ക്ക് ഒരുപോലെ നിര്‍ണായകമാണ്.
ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. യുഡിഎഫിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ച അന്‍വര്‍, ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസുമായും ഇടഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പത്രിക തള്ളിയതോടെ, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മത്സരരംഗത്തുണ്ട്. ഷൗക്കത്തിന് ഇത് രണ്ടാം അവസരമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ അന്‍വറിനോട് ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു.
എം. സ്വരാജാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. നാട്ടുകാരനെങ്കിലും ഇതാദ്യമായാണ് സ്വരാജ് നിലമ്പൂരില്‍ ജനവിധി തേടുന്നത്. മുമ്പ് തൃപ്പൂണിത്തുറയില്‍ രണ്ടു തവണ മത്സരിച്ച സ്വരാജ് ഒരു തവണ വിജയിക്കുകയും, ഒരു തവണ പരാജയപ്പെടുകയും ചെയ്തു. സ്വതന്ത്രനെ സിപിഎം രംഗത്തിറക്കുമെന്ന് കരുതിയിടത്താണ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.




കേരള കോണ്‍ഗ്രസ് വിട്ടെത്തിയ അഡ്വ മോഹന്‍ ജോര്‍ജാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപിയില്‍ ആദ്യം ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ബിഡിജെഎസിന് സീറ്റ് നല്‍കാന്‍ വരെ തീരുമാനവുമുണ്ടായി. പിന്നീട് അപ്രതീക്ഷിതമായി മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുകയായിരുന്നു.
ആകെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. എസ്ഡിപിഐയുടെ അഡ്വ. സാദിക് നടുത്തൊടി, സ്വതന്ത്രന്മാരായ എന്‍ ജയരാജന്‍, പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട്, വിജയന്‍, സതീഷ്‌കുമാര്‍ ജി, ഹരിനാരായണന്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
Read Also: Nilambur By-Election Voting Live: നിലമ്പൂരില്‍ വോട്ടെടുപ്പ് ഇന്ന്; പ്രതീക്ഷയോടെ മുന്നണികള്‍
മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും, തിരിച്ചുപിടിക്കാന്‍ യുഡിഎഫും, കരുത്ത് തെളിയിക്കാന്‍ എന്‍ഡിഎയും, നിര്‍ണായക ശക്തിയാകാന്‍ അന്‍വറും ശക്തമായ പ്രചാരണമാണ് നടത്തിയത്. നിശബ്ദ പ്രചാരണദിനത്തില്‍ പോലും പരമാവധി വോട്ടുറപ്പിക്കാനായിരുന്നു സ്ഥാനാര്‍ത്ഥികളുടെയും മുന്നണികളുടെയും ശ്രമം.
രണ്ട് മുന്നണികളെയും മാറി മാറി അനുഗ്രഹിച്ച ചരിത്രമുള്ളതിനാല്‍ നിലമ്പൂരിലെ പോരാട്ടം പ്രവചനാതീതമാണ്. വിജയിച്ചാല്‍ മൂന്നാം ഇടതുസര്‍ക്കാര്‍ എന്ന പ്രചാരണവുമായി ആത്മവിശ്വാസത്തോടെ മുന്നേറാന്‍ എല്‍ഡിഎഫിനാകും. വിജയിക്കുന്നത് യുഡിഎഫ് എങ്കില്‍ സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമെന്ന പ്രചാരണം കൂടുതല്‍ ശക്തമാക്കാനും, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ അതീവ ആത്മവിശ്വാസത്തോടെ നേരിടാനും യുഡിഎഫിനാകും. കരുത്ത് തെളിയിക്കേണ്ടത് എന്‍ഡിഎയ്ക്കും നിര്‍ണായകമാണ്. അന്‍വറിന്റെ രാഷ്ട്രീയ നിലനില്‍പിനും അതിപ്രധാനമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്.