Nilambur By Election 2025: ഇന്ന് നിശബ്ദ പ്രചാരണം; നിലമ്പൂരില്‍ നാളെ വിധിയെഴുത്ത്
Nilambur By Election 2025 updates: ഇടത്, വലത് മുന്നണികള്‍ക്കും, അന്‍വറിന്റെ രാഷ്ട്രീയ നിലനില്‍പിനും ഒരുപോലെ നിര്‍ണായകമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ പ്രചാരണത്തിലും ആ വീറും വാശിയും പ്രകടമായി. എതിര്‍പക്ഷത്തെ ലക്ഷ്യമിട്ട് ആരോപണങ്ങളും വിമര്‍ശനങ്ങളുമായി നേതാക്കള്‍ കളം നിറഞ്ഞു
മലപ്പുറം: നിലമ്പൂരില്‍ നാളെ വോട്ടെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണം. ഇന്നലെയായിരുന്നു കലാശക്കൊട്ട്. പ്രതികൂല കാലാവസ്ഥയിലും എല്‍ഡിഎഫും, യുഡിഎഫും, എന്‍ഡിഎയും ആവേശത്തോടെ കലാശക്കൊട്ട് പൂര്‍ത്തിയാക്കി. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ കലാശക്കൊട്ടില്‍ നിന്ന് വിട്ടുനിന്നു. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കും, അന്‍വറിന്റെ രാഷ്ട്രീയ നിലനില്‍പിനും ഒരുപോലെ നിര്‍ണായകമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ പ്രചാരണത്തിലും ആ വീറും വാശിയും പ്രകടമായി. എതിര്‍പക്ഷത്തെ ലക്ഷ്യമിട്ട് ആരോപണങ്ങളും വിമര്‍ശനങ്ങളുമായി നേതാക്കള്‍ കളം നിറഞ്ഞു. കഴിയുന്നത്ര പേരെ നേരില്‍ കണ്ട് പരമാവധി വോട്ടുകള്‍ ഉറപ്പിക്കുന്നതിലായിരുന്നു സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും ശ്രദ്ധ. റോഡ് ഷോകളും, കുടുംബസദസുകളും സംഘടിപ്പിച്ചു.
ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് ഇത് രണ്ടാം അവസരമാണ്. ഷൗക്കത്തിന്റെയും, വിഎസ് ജോയിയുടെയും പേരുകളാണ് അന്തിമ ചര്‍ച്ചകളിലുണ്ടായിരുന്നത്. ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയെ വരെ രംഗത്തിറക്കിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം.
മറുവശത്ത് ഇടതുസ്ഥാനാര്‍ത്ഥി ആരാകുമെന്നതില്‍ സസ്‌പെന്‍സ് ഉയര്‍ന്നു. പല പേരുകള്‍ ചര്‍ച്ചകളിലൂടെ കടന്നുപോയി. ഒടുവില്‍ നിലമ്പൂരുകാരനായ എം. സ്വരാജിനെ സിപിഎം മത്സരത്തിനിറക്കി. സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കരുതിയിടത്ത് സ്വരാജെന്ന പൊളിറ്റിക്കല്‍ കാന്‍ഡിഡേറ്റ് എത്തിയതോടെ മത്സരത്തിന് വാശിയേറി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ സ്വരാജിനായി പ്രചാരണത്തിനെത്തി.




അപ്രതീക്ഷിതമായിരുന്നു എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിത്വവും. ബിഡിജെഎസ് മത്സരിച്ചേക്കുമെന്ന് ഒരുവേള പറഞ്ഞുകേട്ടെങ്കിലും, ഒടുവില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് വിട്ടെത്തിയ അഡ്വ. മോഹന്‍ ജോര്‍ജായിരുന്നു ബിജെപിയുടെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി. നിലമ്പൂര്‍ സ്വദേശിയാണ് മോഹന്‍ ജോര്‍ജും.
ഏറ്റവും കൂടുതല്‍ സര്‍പ്രൈസുകള്‍ പ്രകടമായത് പിവി അന്‍വറിന്റെ കാര്യത്തിലായിരുന്നു. യുഡിഎഫിനൊപ്പമെന്ന് ആദ്യം പ്രഖ്യാപിച്ച അന്‍വര്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസുമായി ഉടക്കിപ്പിരിഞ്ഞു. തുടര്‍ന്ന് മത്സരിക്കാന്‍ അന്‍വര്‍ തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുള്ള പത്രിക സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി തള്ളിയതോടെയാണ് അന്‍വര്‍ സ്വതന്ത്രനായത്. 2,32,381 വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. 263 ബൂത്തുകളിലായാണ് തിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണും.