AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Anvar: പരസ്യപ്രതികരണത്തിലും ഒളിപ്പിച്ചത് ആ രഹസ്യസൂചന; അന്‍വര്‍ ഇച്ഛിച്ചതും യുഡിഎഫ് കല്‍പിച്ചതും

Importance of PV Anvar in Nilambur politics: യുഡിഎഫ് പ്രവേശനമാണ് ലക്ഷ്യമിടുന്നതെന്ന രഹസ്യസൂചന നല്‍കുന്നതായിരുന്നു അന്‍വറിന്റെ പരസ്യപ്രതികരണം. എല്‍ഡിഎഫിനെ 'തല്ലി'യും, യുഡിഎഫിനെ 'തലോടി'യുമാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. താന്‍ സ്വന്തമാക്കിയത് എല്‍ഡിഎഫ് വോട്ടുകളാണെന്നും അന്‍വര്‍ അവകാശപ്പെട്ടു

PV Anvar: പരസ്യപ്രതികരണത്തിലും ഒളിപ്പിച്ചത് ആ രഹസ്യസൂചന; അന്‍വര്‍ ഇച്ഛിച്ചതും യുഡിഎഫ് കല്‍പിച്ചതും
പിവി അന്‍വര്‍ Image Credit source: facebook.com/pvanvar
jayadevan-am
Jayadevan AM | Published: 23 Jun 2025 15:09 PM

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന പി.വി. അന്‍വറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ സജീവമായിരുന്നു. അന്‍വര്‍ വാഴുമോ, അതോ വീഴുമോ എന്ന ചോദ്യങ്ങള്‍ രാഷ്ട്രീയാന്തരീക്ഷങ്ങളില്‍ ഉയര്‍ന്നു. അന്‍വര്‍ ജയിച്ചാലും തോറ്റാലും അദ്ദേഹം പിടിക്കുന്ന വോട്ടുകള്‍ ഇടത്, വലത് മുന്നണികള്‍ക്ക് ഒരുപോലെ നിര്‍ണായകമാകുമെന്ന് മാത്രം ഉറപ്പായിരുന്നു. അന്‍വര്‍ സ്വന്തമാക്കിയ വോട്ടുകളാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം വ്യക്തമാക്കുന്നു. ഒപ്പം, നിലമ്പൂരിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ അന്‍വറിന്റെ പ്രസക്തി കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ് ഈ വിധിയെഴുത്ത്.

സസ്‌പെന്‍സുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിത്വം മുതല്‍ വോട്ടെണ്ണല്‍ വരെ ട്വിസ്റ്റുകള്‍ നിഴലിച്ചു നിന്നു. അന്‍വറിന്റെ നിലപാടുകളെക്കുറിച്ചായിരുന്നു അഭ്യൂഹങ്ങളേറെയും. ഇടതുപക്ഷവുമായി തെറ്റിപിരിഞ്ഞതുമുതല്‍ യുഡിഎഫിന് അന്‍വര്‍ പ്രഖ്യാപിച്ചത് നിരുപാധിക പിന്തുണയായിരുന്നു. എന്നാല്‍ യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ അവിടെയും പ്രശ്‌നങ്ങള്‍ ഉടലെടുത്തു.

വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്ന അന്‍വറിന്റെ നിലപാടിനോട് വഴങ്ങാന്‍ യുഡിഎഫ് തയ്യാറായില്ല. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാത്തതായിരുന്നു മറ്റൊരു പ്രശ്‌നം. തൃണമൂലിനെ അസോസിയേറ്റ് അംഗമാക്കാമെന്ന യുഡിഎഫ് തീരുമാനം അന്‍വറും അംഗീകരിച്ചില്ല. അന്‍വറും യുഡിഎഫും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായത് അവിടെ നിന്നായിരുന്നു.

എങ്കിലും നിലമ്പൂരിലെ അന്‍വറിന്റെ രാഷ്ട്രീയ പ്രസക്തി നന്നായി അറിയാവുന്ന യുഡിഎഫ് നേതാക്കള്‍ അദ്ദേഹത്തെ പിണക്കരുതെന്ന നിലപാടെടുത്തു. കെപിസിസി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍ അടക്കമുള്ളവര്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ അന്‍വറിനെ അടുപ്പിക്കേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒടുവില്‍ സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് അന്‍വറും തുറന്നടിച്ചു. ഒപ്പം മറ്റൊരു കാര്യവും അന്‍വര്‍ പറഞ്ഞു, ‘കൈയില്‍ പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ല’.

എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ നിന്നും അന്‍വര്‍ പതുക്കെ പിന്നാക്കം പോയി. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നാമനിര്‍ദ്ദേശം സാങ്കേതിക കാരണങ്ങളാല്‍ തള്ളപ്പെട്ടതോടെ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയുമായി. എന്നാല്‍ വിജയമല്ല, മറിച്ച് മണ്ഡലത്തിലെ തന്റെ കരുത്ത് ഇരു മുന്നണികളെയും അറിയിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് നടന്ന കാര്യങ്ങള്‍. ശക്തമായ പ്രചാരണം പോലും നടത്താന്‍ അന്‍വര്‍ മെനക്കെട്ടില്ല. എന്തിനേറെ പറയുന്നു, കൊട്ടിക്കലാശം പോലും അദ്ദേഹം വേണ്ടെന്നുവച്ചു.

ഒടുവില്‍ അന്‍വര്‍ നീക്കിയത് കൃത്യമായ കരുക്കങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ്‌ നിലമ്പൂരിലെ ഫലപ്രഖ്യാപനം. ഒരു മുന്നണിയുടെയും പിന്‍ബലമില്ലാതെ 19760 വോട്ട് നേടി അദ്ദേഹം മൂന്നാമതെത്തി. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളില്‍ നിന്നു വോട്ടുകള്‍ അടര്‍ത്തിയെടുത്തു. അന്‍വറിനെ ഒപ്പം നിര്‍ത്തിയിരുന്നെങ്കില്‍ കനത്ത വിജയം സ്വന്തമാക്കാമെന്ന് അടക്കം പറച്ചിലുകളുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ തന്നെ തങ്ങള്‍ക്ക് ജയിക്കാനാകുമെന്ന് തെളിയിക്കാനായെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. എന്നാല്‍ അന്‍വറിനെ ഇനി പാടെ അവഗണിക്കാന്‍ യുഡിഎഫ് തയ്യാറാകില്ലെന്ന സൂചനയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നല്‍കുന്നത്.

അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെയെന്നും, അദ്ദേഹത്തിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. വാതിലടച്ചാല്‍ തന്നെ താക്കോല്‍ കൊണ്ട് തുറക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞുവച്ചു.

Read Also:  Nilambur Bypoll Result 2025: ആകെയൊരു ചേലക്കര മാത്രം; ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലുമെല്ലാം തോറ്റ് എല്‍ഡിഎഫ്; മുന്നില്‍ ‘എലിമിനേറ്റര്‍’ ഭീഷണി

താന്‍ യുഡിഎഫ് പ്രവേശനമാണ് ലക്ഷ്യമിടുന്നതെന്ന രഹസ്യസൂചന നല്‍കുന്നതായിരുന്നു അന്‍വറിന്റെ പരസ്യപ്രതികരണം. എല്‍ഡിഎഫിനെ ‘തല്ലി’യും, യുഡിഎഫിനെ ‘തലോടി’യുമാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. താന്‍ സ്വന്തമാക്കിയത് എല്‍ഡിഎഫ് വോട്ടുകളാണെന്നും അന്‍വര്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫിന് തലവേദനകള്‍ സൃഷ്ടിച്ചെങ്കിലും, ഇനി ഒരു വാക്ക് കൊണ്ടുപോലും വലതുപക്ഷത്തെ വേദനിപ്പിക്കാന്‍ അന്‍വര്‍ താല്‍ക്കാലികമായെങ്കിലും തയ്യാറാകില്ലെന്ന സൂചന നല്‍കുന്നതായിരുന്നു ഈ വാര്‍ത്താസമ്മേളനം.

എങ്കിലും അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അത്രകണ്ട് എളുപ്പമാകില്ല. വി.ഡി. സതീശന്റെ നിലപാടാകും നിര്‍ണായകം. അന്‍വറിനെ അടുപ്പിക്കുന്നതില്‍ ഇപ്പോഴും സതീശന്‍ അത്ര തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹം ഒടുവില്‍ നടത്തിയ പ്രതികരണം. പി.വി. അന്‍വര്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളോട് ‘നോ കമന്റ്‌സ്’ എന്നായിരുന്നു പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടി.