Nimisha Priya Case: ‘പ്രാർഥനകൾ ഫലം കാണുന്നു’; നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള ഔദ്യോഗിക വിധിപ്പകർപ്പ് പങ്കുവെച്ച് കാന്തപുരം
Kantapuram A.P. Aboobacker Musliyar Shares Official Confirmation: പ്രാർഥനകൾ ഫലം കാണുന്നു എന്ന് പറഞ്ഞാണ് ശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള ഔദ്യോഗിക വിധിപ്പകർപ്പ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

Sheikh Abubakr Ahmad
കോഴിക്കോട്: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ആശ്വാസം പങ്കുവെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പ്രാർഥനകൾ ഫലം കാണുന്നു എന്ന് പറഞ്ഞാണ് ശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള ഔദ്യോഗിക വിധിപ്പകർപ്പ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
പ്രാർഥനകൾ ഫലം കാണുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ, -എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം മുതൽ തലാലിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച പുനരാരംഭിച്ചിരുന്നു. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെത്തുടർന്നാണ് യോഗം ചേർന്നത്. ഇതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതെന്നാണ് വിവരം. ആദ്യം ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിലായിരുന്നു തലാലിന്റെ കുടുംബം. എന്നാൽ പിന്നീട് സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നു. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന.
യെമെൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടർടാങ്കിൽ തള്ളിയെന്നാണ് നിമിഷപ്രിയക്കെതിരായ കേസ്. 2017-ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ നിലവിൽ യെമെൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുകയാണ്.