Nipah Outbreak Kerala: സംസ്ഥാനത്ത് വീണ്ടും ഒരു നിപ മരണം; മങ്കട സ്വദേശിനി മരിച്ചു
Nipah death reported in kerala: പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതോടെ പ്രദേശത്തെ മൂന്ന് സ്കൂളുകൾ താൽക്കാലികമായി അടയ്ക്കാൻ നിർദ്ദേശം നൽകിയതായി മണ്ണാർക്കാട് എ ഇ ഒ അറിയിച്ചു.

Nipah
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഒരു നിപ മരണം കൂടി സംഭവിച്ചിരിക്കുന്നു . മലപ്പുറം മങ്കട സ്വദേശിയായ 18 കാരിയാണ് മരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പൂനയിലെ വൈറോളജി ലാബ് നടത്തിയ പരിശോധനയും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 43 പേരാണ് കോഴിക്കോട് ജില്ലയിലുള്ളത്. സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 345 പേർ ഉണ്ട്.
പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതോടെ പ്രദേശത്തെ മൂന്ന് സ്കൂളുകൾ താൽക്കാലികമായി അടയ്ക്കാൻ നിർദ്ദേശം നൽകിയതായി മണ്ണാർക്കാട് എ ഇ ഒ അറിയിച്ചു. പാലക്കാട് നാട്ടുകൾ സ്വദേശിനിയായ 38 കാരിക്കാണ് സ്ഥിരീകരിച്ചത്. 20 ദിവസം മുമ്പായിരുന്നു യുവതിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും സംശയം തോന്നിയ ആശുപത്രി അധികൃതർ പരിശോധനയ്ക്കായി പുനയിലെ ലാബിലേക്ക് സാമ്പിൾ അയയ്ക്കുകയും ആയിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതോടെയാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ഭീതി പടർന്നത്. പാലക്കാട് വൈറസ് സ്ഥിരീകരിച്ചതോടെ മൂന്ന് ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നാട്ടുകൾ കിഴക്കുംപാറ മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടൈൻമെന്റ്സ് സോൺ ആയി പ്രഖ്യാപിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.
ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഒന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇവരുമായി സമ്പർക്കം പുലർത്തിയ 100 ലേറെ പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. യുവതിയുടെ കുടുംബാംഗങ്ങൾ അയൽവാസികൾ സമീപവാസികൾ എന്നിവരെ ഹൈറിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യുവതിയുടെ വിദേശത്തായിരുന്നു ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. ഇവരുടെ മൂന്നു കുട്ടികൾക്കും നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും അനുഭവപ്പെട്ടിട്ടില്ല.
പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് യുവതിയെ മണ്ണാർക്കാട്, പാലോട്, കരിങ്കലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. പുതിയ കേസുകളുമായി ബന്ധപ്പെട്ട കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യം മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്.