Private Bus Strike: സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച മുതല്‍; 8,000 ബസുകള്‍ നിരത്തിലിറങ്ങില്ല
Private Bus Strike From July 22: സംസ്ഥാനത്തെ 8,000 ബസുകളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ചൊവ്വാഴ്ചയ്ക്ക് മുമ്പ് വീണ്ടും ചര്‍ച്ച നടത്താമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ബസുടമകള്‍ക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുകള്‍ ജൂലൈ 22 ചൊവ്വാഴ്ച മുതല്‍ അനിശ്ചികാല പണിമുടക്കിലേക്ക്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുടമകളുമായി നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് കടന്നതെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.
സംസ്ഥാനത്തെ 8,000 ബസുകളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ചൊവ്വാഴ്ചയ്ക്ക് മുമ്പ് വീണ്ടും ചര്‍ച്ച നടത്താമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ബസുടമകള്‍ക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറി വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു.
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡുകള്‍ തടയുക, 140 കിലോമീറ്ററില്‍ അധികം സഞ്ചരിക്കുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനകള്‍ ഈ മാസം എട്ടിന് സൂചനാ പണിമുടക്ക് നടത്തിയിരുന്നു.




ബസ് തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കുക, ബസുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇതിലൊന്നിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്.