PV Anvar: അടുത്ത തിരഞ്ഞെടുപ്പ് ഒരു മുന്നണിയുണ്ടാക്കി നേരിടും; യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്ത് സമയം കളയാനില്ല: പിവി അന്‍വര്‍
PV Anvar About New Political Alliance: പുതുതായി ഉണ്ടാക്കുന്ന മുന്നണിയെ തൃണമൂല്‍ കോണ്‍ഗ്രസ് നയിക്കും. യുഎഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്ത് സമയം കളയാന്‍ താനില്ല. തന്നോട് ആരും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.

പിവി അന്‍വര്‍
മലപ്പുറം: കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുണ്ടാക്കി മത്സരിക്കുമെന്ന് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വര്‍. ചെറിയ പാര്‍ട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിര്‍ത്തി മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പുതുതായി ഉണ്ടാക്കുന്ന മുന്നണിയെ തൃണമൂല്‍ കോണ്‍ഗ്രസ് നയിക്കും. യുഎഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്ത് സമയം കളയാന്‍ താനില്ല. തന്നോട് ആരും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.
തന്നെ കുറിച്ച് സിപിഎം ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ വയനാട് ദുരന്തത്തില്‍ നിന്ന് മുതലെടുപ്പ് നടത്തുകയാണെന്നും അന്‍വര്‍ ആരോപിക്കുന്നു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പുനരധിവാസവുമായി ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന ഊരാളുങ്കലിന്റെ നടത്തിപ്പ് സിപിഎമ്മുകാര്‍ക്കാണെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു.
പുനരധിവാസത്തില്‍ സഹായിക്കാന്‍ വന്ന സംഘടനകളെ സര്‍ക്കാര്‍ പിന്തിരിപ്പിച്ചു. വന്‍ ഭൂമാഫിയയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചൂരല്‍മലയില്‍ സര്‍ക്കാര്‍ വില്ലനാണ്. 778 കോടി രൂപയാണ് സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയത്. എന്നിട്ടും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സഹായം നല്‍കിയില്ലെന്നും അന്‍വര്‍ ആരോപിക്കുന്നു.
വീട് വേണ്ടെന്ന് എഴുതികൊടുത്ത കുടുംബങ്ങള്‍ 15 ലക്ഷം രൂപയാണ് സര്‍ക്കാരില്‍ നിന്ന് വാങ്ങിക്കാന്‍ പോകുന്നത്. കവളപ്പാറയിലെ പ്രശ്‌നം ആറ് മാസം കൊണ്ട് പരിഹരിച്ചു. എന്നാല്‍ വയനാട്ടിലേത്ത് അങ്ങനെയല്ല. അവിടുത്തെ പ്രശ്‌നം പ്രതിപക്ഷം ഏറ്റെടുക്കുന്നില്ല. നിലവില്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.