Rahul Mamkootathil: തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് ‘രാഹു’കാലം; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലേക്ക് ?
Rahul Mamkootathil Likely To Be Arrested: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാകാനാണ് സാധ്യത. രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം

രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് കേസ് അന്വേഷിക്കുന്നത്. അതിജീവിത ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി പരാതികളും തെളിവുകളും കൈമാറിയതോടെയാണ് കേസ് സജീവമായത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാകാനാണ് സാധ്യത.
അതിജീവിതയുടെ പരാതി ലഭിച്ചയുടന്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തു. രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. കൊച്ചിയില്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് വെട്ടില്‍
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌തെന്ന് പറയുന്നുണ്ടെങ്കില്‍ പോലും പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എംഎല്‍എ സജീവമായിരുന്നു. രാഹുല്‍ അറസ്റ്റിലായാല്‍ അത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
പരാതിക്കാരിയില്ലല്ലോ എന്നായിരുന്നു ഇത്രയും നാള്‍ രാഹുലിനെ പിന്തുണച്ചിരുന്നവര്‍ ഉയര്‍ത്തിയിരുന്ന മറുചോദ്യം. എന്നാല്‍ അതിജീവിത പരാതി നല്‍കിയതോടെ ആ ചോദ്യങ്ങളുടെയും മുനയൊടിഞ്ഞു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു പൂര്‍ണമായും പുറത്താക്കുമോയെന്നും ചോദ്യമുയരുന്നുണ്ട്. രാഹുലിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ഇനി അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, രാഹുലിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ സൈബര്‍ ആക്രമണവും രൂക്ഷമാവുകയാണ്.
മാങ്കൂട്ടത്തിലിനെതിരെ നടപടിയാവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജന ബി സാജനാണ് ഒടുവില്‍ സൈബര്‍ ആക്രമണം നേരിടുന്നത്. രാഹുലിനെതിരെ നേരത്തെ പ്രതികരിച്ച ഷാനിമോള്‍ ഉസ്മാന്‍, ഉമ തോമസ് എംഎല്‍എ എന്നിവര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു.
രാഹുല്‍ മുങ്ങി
നിലവില്‍ രാഹുല്‍ എവിടെയാണെന്ന് വ്യക്തമല്ല. പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. ഫോണും ഓഫാണ്. എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. നിയമപരമായി പോരാടുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.