Kerala Rain Alert: തെക്കൻ കേരളത്തെ വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Rain Alert In Kerala Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ വീണ്ടും സജീവമാകുന്നു. മഴ കനക്കുമെന്ന കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തെ തുടർന്ന് ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെക്കൻ കേരളത്തെ വിടാതെ പിടിമുറുക്കിയിരിക്കുയാണ് മഴക്കെടുതി. തെക്കൻ തീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണമായി പറയുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് നിർദ്ദേശം. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: മൂന്ന് ജില്ലകളില്‍ മാത്രം മഴ; കേരളത്തില്‍ ചൂട് ഉയരുന്നു, ഇന്നത്തെ കാലാവസ്ഥ റിപ്പോര്‍ട്ട്
തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനിടെ ഇടുക്കി ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി ഡാം തുറക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 455.00 മീറ്റർ ആണ് നിലവിൽ ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 456.60 മീറ്റർ ആണെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് ഇന്ന് രാവിലെ 10 മണിയോടെ തുറന്നത്. മൂന്ന് ഷട്ടറുകളും 60 സെ.മീ വീതം തുറന്നുവിട്ടിരിക്കുകയാണ്. കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ തുലാവർഷത്തിൻ്റെ ഭാഗമായി തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. അതിനാൽ ഡാമിന് തീരത്തുള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.