Kerala Rain Alert: കുടയും കോട്ടുമെല്ലാം എടുത്തോളൂ; 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്
Heavy Rain Kerala November 21: വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് ദിവസം തുടര്‍ച്ചയായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (നവംബര്‍ 21 വെള്ളി) ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക.
മഴ മുന്നറിയിപ്പ്
നവംബര്‍ 21 വെള്ളി- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
നവംബര്‍ 22 ശനി- പത്തനംതിട്ട, കോട്ടയം, ഇടുക്കി
നവംബര്‍ 23 ഞായര്‍- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
കന്യാകുമാരി കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ലക്ഷദ്വീപിനും മാലിദ്വീപിനും മുകളിലാണ് നിലവിലുള്ളത്. ഇത് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. ഇതിന് പുറമെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതേതുടര്‍ന്നാണ് കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുള്ളത്.