Sabarimala gold Scam: ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തിയെന്നതിൽ അന്വേഷണം വേണം; ടി പി രാമകൃഷ്ണൻ
Sabarimala gold Scam: കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് പോലും അവിടെ എത്തിച്ചേരാൻ നിർവാഹമില്ല. അവിടെയാണ്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണത്തിൽ തങ്ങളുടെ കൈകൾ ശുദ്ധമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓരോ ഘട്ടത്തിലും ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കുറ്റവാളി ആരായാലും പിടിക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള ഇടപെടലുകളും ഉണ്ടാകില്ല. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്ന നിലപാടാണ് സർക്കാർ എന്നും സ്വീകരിച്ചിട്ടുള്ളത് എന്നും ടി പി രാമകൃഷ്ണൻ.
ചിലർ ബോധപൂർവ്വം തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ മുഖ്യപ്രതിയായിരിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെയാണ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ അടുത്തെത്തിയത് എന്നും ടി പി രാമകൃഷ്ണൻ ചോദിച്ചു. കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് പോലും അവിടെ എത്തിച്ചേരാൻ നിർവാഹമില്ല. അവിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി എത്തിയത്.
സ്വർണ്ണകൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും എന്നാൽ പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ അടുത്ത് വരെ എത്തിയത് എന്ന ചോദ്യത്തിന് ഉത്തരം വേണമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ ആരു തന്നെയായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. കുറച്ച് സമയം എടുത്താലും ശബരിമല സ്വർണ്ണക്കള്ളയിലെ എല്ലാ വിവരങ്ങളും പുറത്തുവരും എന്നും, കളവു പറയാൻ എളുപ്പമാണ് പക്ഷേ സത്യം ചെയ്തു കാണിച്ചു ജനങ്ങളെ വിശ്വസിപ്പിക്കാൻ അല്പം കാലതാമസം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ അറസ്റ്റിലും അദ്ദേഹം പ്രതികരിച്ചു.
തന്ത്രിയുടെ ഭാഗത്ത് വീഴ്ച വന്നതിനാൽ ആകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആരെയും രക്ഷിക്കാൻ സർക്കാരോ പാർട്ടിയോ ഉദ്ദേശിക്കുന്നില്ല. തന്ത്രി ദൈവതുല്യൻ എന്ന് പത്മകുമാർ വിളിച്ചിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളുടെയും അഭിപ്രായമാണ് മുന്നണിയുടെ നിലപാട് എന്നും മുന്നണിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഒരു വീട്ടിലെ എല്ലാവർക്കും വ്യത്യസ്ത അഭിപ്രായമാണല്ലോ ഉണ്ടാകാറ് എന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം എ കെ ബാലന്റെ പ്രസ്താവനയിൽ മറുപടി ഇല്ലെന്നും ആവശ്യത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ താല്പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ താല്പര്യം ഇല്ല മാധ്യമങ്ങൾ നടത്തുന്ന ചില വ്യാഖ്യാനങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മാറാട് കലാപം ഉണ്ടായപ്പോൾ മുഖ്യമന്ത്രിക്കൊപ്പം പോയ ആളാണ് താനെന്നും ആന്റണിയോടൊപ്പം പോകാൻ കുഞ്ഞാലിക്കുട്ടിക്ക് അനുവാദം ഉണ്ടായിരുന്നില്ല എന്നാൽ അനുവാദമില്ലാതെ തന്നെ പിണറായി വിജയൻ പോയി. സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനാണ് താൻ അവിടേക്ക് പോയത് മാറാട് അവസാനിച്ച വിഷയമാണെന്നും അത് ഉയർത്തിപ്പിടിച്ച് വീണ്ടും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല എന്നും രാമകൃഷ്ണൻ വ്യക്തമാക്കി.