IB Officer Death Case: ഒളിവിൽ കഴിഞ്ഞത് രണ്ട് മാസം, ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുകാന്ത് സുരേഷ് കീഴടങ്ങി
Sukanth Suresh Surrendered: ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സുകാന്ത് കീഴടങ്ങിയതെന്നാണ് സൂചന. പ്രതിയെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലാണ് പ്രതി കീഴടങ്ങിയത്. അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി സുകാന്ത് സമർപ്പിച്ച് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങിയത്.
ഐബി ഉദ്യാഗസ്ഥയുടെ മരണത്തിന് ശേഷം രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞതിന് ശേഷമാണ് പ്രതി കീഴടങ്ങിയിരിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സുകാന്ത് കീഴടങ്ങിയതെന്നാണ് സൂചന. പ്രതിയെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.
മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായി മകൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ തകർച്ചയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുടുംബം പരാതി നൽകി. ഉദ്യോഗസ്ഥ മരിച്ചതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിലായിരുന്നു. സുകാന്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്.
ജാമ്യാപേക്ഷ തള്ളിയ കോടതി, സ്‌നേഹത്തിന്റെ പേരിൽ സുകാന്ത് യുവതിയെ മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്ന് വ്യക്തമാക്കി. കൂടാതെ സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്‌സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.