Tribal youth beaten: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു; രണ്ട് പേർക്കെതിരെ കേസ്
Tribal youth beaten: മർദിച്ച ശേഷം അവർ തന്നെ ചിത്രം പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. തുടർന്നാണ് മർദന വിവരം പുറംലോകം അറിഞ്ഞത്. പ്രദേശവാസികളാണ് മർദനമേറ്റ ഷിജുവിനെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച് ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. അട്ടപ്പാടി ചിറ്റൂർ ഉന്നതിയിലെ പത്തൊമ്പത് വയസുള്ളി ഷിജുവിനാണ് മർദനമേറ്റത്.
ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് ഷിജുവിനെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സംഭവത്തിൽ മന്ത്രി ഒ. ആർ കേളുവിന്റെ നിർദേശ പ്രകാരം വാഹനത്തിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ പൊലീസ് കേസെടുത്തു.
ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിന് മുന്നിലേക്കാണ് ഷിജു കല്ലിൽ തട്ടി വീണത്. എന്നാൽ മന:പൂർവ്വം ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദ്ദിച്ചു. നില തെറ്റിയ ഷിജു കല്ലെടുത്തെറിഞ്ഞു. വാഹനത്തിന്റെ ചില്ല് തകർന്നു. പിന്നാലെ ഇരുവരും ഷിജുവിനെ റോഡിലൂടെ വലിച്ചെഴിച്ചു. വൈദ്യൂത പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
ഷിജുവിനെ മർദിച്ച ശേഷം അവർ തന്നെ ചിത്രം പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. തുടർന്നാണ് മർദന വിവരം പുറംലോകം അറിഞ്ഞത്. പ്രദേശവാസികളാണ് മർദനമേറ്റ ഷിജുവിനെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ചികിത്സ തേടിയതിന് ശേഷം വീട്ടിലേക്ക് പോയി, എന്നാൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് വീണ്ടും സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ഷിജു കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ആയിരുന്നുവെന്നും അഞ്ച് വാഹനങ്ങൾ തകർത്തതായും പരാതി ലഭിച്ചതായി അഗളി എസ്ഐ ആർ. രാജേഷ് പറഞ്ഞു.