VD Satheesan vs KC Venugopal : ‘കെസിയെ വർണ്ണിച്ചതൊക്കെ കൊള്ളാം, പക്ഷേ മുഖ്യമന്ത്രി വിഡി മതി’; കമൻ്റ് ബോക്സ് പൂട്ടി കെ സുധാകരൻ
Keralam Next Chief Minister V D Satheesan vs K C Venugopal : കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ സജീവമാകണം. കെ സി വേണുഗോപാലിനെ പോലെ ദീർഘദർശിയായ ഒരു നേതാവ് കേരളത്തിൽ വേണമെന്നായിരുന്നു കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.
സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തികൊണ്ടുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ വി ഡി സതീശനായി മുറവിളി. കെ സി വേണുഗോപാൽ നല്ല നേതാവണ്, അദ്ദേഹത്തെ വർണ്ണിച്ചതൊക്കെ കൊള്ളാം പക്ഷേ മുഖ്യമന്ത്രിയായി വിഡി സതീശൻ മതിയെന്നാണ് കമൻ്റ് ബോക്സിൽ മുറവിളി. അവസാനം കമൻ്റ് ബോക്സ് കെ സുധാകരൻ പൂട്ടുകയും ചെയ്തു. കെസിയെ പോലെയുള്ള ഒരു ദീർഘദർശിയായ നേതാവ് കേരളത്തിന് വേണമെന്നായിരുന്നു കെ സുധാകരൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.
എന്നാൽ കമൻ്റ് ബോക്സിൽ മറിച്ചാണ് സംഭവിച്ചത്. മുഖ്യമന്ത്രിക്കായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പേരായിരുന്നു സുധാകരൻ പങ്കുവെച്ച പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ നിരവധി പേർ ആവശ്യപ്പെട്ടിരിക്കുന്നത്. ‘കെസിയും ആർസിയും ഒക്കെ ഓക്കെയാണ്, പക്ഷേ മുഖ്യമന്ത്രിയായി വിഡി സതീശൻ മതി’, വിഡിയെ ഒതുക്കി മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയാൽ അത് പാർട്ടി പ്രവർത്തകരെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്.
“കെ സിയെ വർണ്ണിച്ചതെക്കെ കൊള്ളാം ഈ തിരത്തെടുപ്പിൻ്റെ ക്രെഡിറ്റ് എല്ലാവർക്കും അവകാശപ്പെട്ടതാണെങ്കിലും വിഡി സതീശന് പകരം വെക്കാൻ ഒരു രമേശ് ചെന്നിത്തലയും ഒരു കെസിക്കും കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി കുപ്പായം തുന്നി വിഡി സതീശനെ മാറ്റി മറ്റാരെങ്കിലും നിർദേശിച്ചാൽ അത് പ്രവർത്തകരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്” ഒരാൾ കമൻ്റ് ബോക്സിൽ കുറിച്ചു.




കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.
ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ. കെ. കരുണാകരൻ, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി… സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.
ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ.
പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.
നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.
അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലൻ ഉയരട്ടെ!ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…