Crime News: മനിശ്ശേരിമനയിലെ കോടികൾ ആസ്തിയുള്ള ഡോക്ടർ, വേണ്ടത് പരമ്പരയിലൊരു പുരുഷൻ, 68 ലക്ഷം തട്ടി
Palakkad Crime News: ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. വിവിധ ജില്ലകളിൽ പല പേരുകളിലും പല സ്ഥലത്തും ഒളിവിൽ കഴിയുന്നതാണ് രീതി

ഡോക്ടർ നിഖിത എന്ന് മുബീന
പാലക്കാട്: സിനിമയെ വെല്ലുന്നൊരു കഥയിലെ ഞെട്ടിക്കുന്ന തട്ടിപ്പിന് ഒടുവിൽ പോലീസ് തന്നെ കർട്ടനിട്ടു. പാലക്കാട്ട് കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയെ താൻ ഡോക്ടറാണെന്നും മനിശ്ശേരിമനയിലെ കോടികൾ ആസ്തിക്ക് ഉടമയാണെന്നും കാണിച്ച് വിവാഹം കഴിക്കാൻ എന്ന് രൂപേണ 68 ലക്ഷം തട്ടിയ സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മണ്ണാർക്കാട് സ്വദേശിനി മുബീന (35) ആണ് അറസ്റ്റിലായത്. താൻ മനിശ്ശേരിമനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൾ ഡോക്ടർ നിഖിത എന്ന പേരിലായിരുന്നു ഇവരുടെ തട്ടിപ്പ്. തറവാട്ടിൽ അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ദത്തെടുക്കുവാൻ ( പൂജാരിയെ ) തയ്യാറാണെന്ന് കാണിച്ച് സ്റ്റാമ്പ് പേപ്പറിൽ എഴുതി നൽകി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഒരു വർഷത്തോളം ഇരുവരും സൗഹൃദം തുടർന്നു. ഇടയ്ക്കിടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ഡോക്ടറുടെ വേഷം ധരിച്ച് സ്റ്റെതസ്കോപ്പ് അണിഞ്ഞ് മുബീന എത്തുന്നതും പതിവായിരുന്നു. ഇങ്ങനെ, താൻ നിർമ്മിക്കുന്ന ഐവിഎഫ് ആശുപത്രിയിൽ പാർട്ണർ ആക്കാം എന്ന് പറഞ്ഞു 68 ലക്ഷം രൂപയോളം പല തവണയായാണ് കൈപ്പറ്റിയത്. പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങി ആരംഭത്തിൽ അത് തിരിച്ചു നൽകുകയും അടുത്ത തവണ കൂടുതൽ പണം വാങ്ങിക്കുകയും തിരിച്ച് നൽകാതെ മുങ്ങുകയാണ് മുബീനയുടെ പതിവ്.
ALSO READ: കൊച്ചി തമ്മനത്ത് 1.35 കോടി ലിറ്റർ ശേഷിയുള്ള ജലസംഭരണി തകർന്നു; വീടുകളിൽ വെള്ളം കയറുന്നു
2023-ൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. വിവിധ ജില്ലകളിൽ പല പേരുകളിലും പല സ്ഥലത്തും ഒളിവിൽ കഴിയുന്നതാണ് മുബീനയുടെ രീതി. പലയിടത്തും അന്വേഷിച്ചിട്ടും ഈ സ്ത്രീയെ പോലീസിന് കണ്ടെത്താൻ സാധിക്കാതെ വരികയും ഒടുവിൽ അന്വേഷണത്തിന് സ്പെഷ്യൽ ടീമിനെ നിയോഗിക്കുകയുമായിരുന്നു. അതിനിടയിലാണ് എറണാകുളം ലുലു മാളിൽ ഇവർ പിടിയിലായത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരുടെ പക്കൽ നിന്നും ഒരു ലക്ഷം രൂപയും സ്വർണാഭരണങ്ങളും മറ്റും കണ്ടെത്തി.
ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള മുബീന ഡോക്ടറാണെന്ന് വിശ്വസിപ്പിക്കാൻ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ സഹായികളെ നിർത്തി ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോർച്ചറിയിലും സ്ഥിര സാന്നിധ്യമായിരുന്നു. ഇതോടെ ഇവരെ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല ആലപ്പുഴ കോഴിക്കോട് എറണാകുളം, പാലക്കാട് ടൗൺ, നോർത്ത് എന്നീ സ്റ്റേഷനുകളിലും നിരവധി തട്ടിപ്പ് കേസുകളിൽ ഇവർ പ്രതിയാണ്.