സുഹൃത്തിനോട് സംസാരിച്ചതിന് സദാചാര ആക്രമണം; കണ്ണൂരിൽ യുവതി ജീവനൊടുക്കി
Young Woman’s Dies After Mob Trial: സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Raseena Death
കണ്ണൂർ: കണ്ണൂരിൽ സദാചാര ആക്രമണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീനയെയാണ് (40) വീടുനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ സുഹൃത്തിനോട് സംസാരിച്ചുനിൽക്കുകയായിരുന്നു റസീന. ഇത് കണ്ട് എത്തിയ സംഘം ഇരുവരെയും ചോദ്യം ചെയ്ത് റസീനയെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതിനു ശേഷം സുഹൃത്തിനെ സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോയി കൈയ്യേറ്റം ചെയ്യുകയായിരുന്നു.
മയ്യിൽ സ്വദേശിയാണ് യുവാവിനെ ഇവർ അഞ്ച് മണിക്കൂറോളം തടഞ്ഞുവച്ച് ചോദ്യം ചെയ്തു. ഇയാളുടെ കൈയ്യിലുണ്ടായ ഫോണും ടാബും പിടിച്ചെടുത്തു. രാത്രിയോടെ ഇയാളെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. ഇവിടുത്തേക്ക് റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു.
Also Read:വീണ്ടും കാട്ടാന കലി; പാലക്കാട് 61കാരൻ കൊല്ലപ്പെട്ടു
യുവാവിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്റ്റിലായ പ്രതികളിൽനിന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുണ്ടെന്നാണ് പോലീസ് പറയുന്നത്.തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)