Health Tips: തണുപ്പ് കാലത്ത് അസുഖങ്ങളെ ചെറുക്കൻ ഈ സൂപ്പ് മാത്രം മതി; തയ്യാറാക്കുന്നത് ഇങ്ങനെ
Garlic Pepper Soup: തണുപ്പുകാലമായാൽ ജലദോഷം, പനി, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ നമ്മളിൽ പലരെയും അലട്ടാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ അകറ്റി നിർത്തണമെങ്കിൽ ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Representational Image
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. തണുപ്പാണെങ്കിലും വെയിലാണെങ്കിലും പെട്ടെന്ന് അസുഖങ്ങൾ പിടികൂടും. എന്നാൽ, തണുപ്പ് കാലത്ത് രോഗപ്രതിരോധ സംവിധാനത്തിന്റെ ശക്തി കുറയും. അതിനാൽ പെട്ടെന്ന് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുന്നു. ആ സമയത്ത് രോഗപ്രതിരോധശേഷി നിലനിർത്തേണ്ടത് അനിവാര്യമാണ്. തണുപ്പുകാലമായാൽ ജലദോഷം, പനി, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ നമ്മളിൽ പലരെയും അലട്ടാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ അകറ്റി നിർത്തണമെങ്കിൽ ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിനായി, തണുപ്പുകാലത്ത് പിടിപെടാവുന്ന അസുഖങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു കിടിലൻ സൂപ്പ് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ, വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വെളുത്തുള്ളി-കുരുമുളക് സൂപ്പ് ഉണ്ടാകുന്നതെങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- വെളുത്തുള്ളി – 10 അല്ലി
- കുരുമുളക് – 1 ടീസ്പൂൺ
- നെയ്യ് – 2 ടീസ്പൂൺ
- കോൺഫ്ളവർ -1 ടേബിൾ സ്പൂൺ
- ജീരകം – അര ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില – അലങ്കാരത്തിന്
ALSO READ: ഗ്രേവി ആയാല്‍ ഇങ്ങനെ വേണം; ഒരു വെറൈറ്റി ചിക്കന്‍ കറി ഉണ്ടാക്കിയാലോ?
തയ്യാറാകുന്ന വിധം
ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കാം. ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കുരുമുളക് ചേർത്ത് നന്നായി വറുത്തെടുക്കാം. കുരുമുളക് എടുത്ത് മാറ്റിയ ശേഷം അതേ പാനിൽ 10 വെളുത്തുള്ളി ചതച്ചത് ചേർക്കാം. പച്ചമണം മാറുന്ന വരെ ഇളക്കികൊടുത്ത ശേഷം, ഇതിലേക്ക് സൂപ്പിനാവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കാം. വെള്ളം തിളച്ച് വരുമ്പോൾ, കോൺഫ്ലോർ വെള്ളത്തിൽ അലിയിച്ചത് ചേർത്ത്, നന്നായി ഇളക്കി കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അൽപ്പം ജീരകവും കൂടി ചേർക്കാം. ശേഷം വറുത്തുവെച്ച കുരുമുളക് മിക്സിയിൽ അരച്ചെടുത്ത ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാം. മുഴുവൻ കുരുമുളക് ചേർത്താലും കുഴപ്പമില്ല. കുരുമുളക് ചേർത്തതും സ്റ്റവ് ഓഫ് ചെയ്യാം. ഇതിലേക്ക് അരിഞ്ഞു വെച്ച മല്ലിയില കൂടി ചേർത്താൽ രുചികരമായ വെളുത്തുള്ളി-കുരുമുളക് സൂപ്പ് തയ്യാർ.