Makhana Benefits: എന്താണ് ബജറ്റിലെ ‘മഖാന’? മഖാന കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങൾ ഇതാ
Health Benefits of Makhana: ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരെ സംബന്ധിച്ച് അവര്‍ക്ക് അനുയോജ്യമായൊരു സ്നാക്ക് ആണ് മഖാന. ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഇവ ലഭ്യമാണ്.

മഖാന
വടക്കേ ഇന്ത്യയിൽ പ്രധാനമായും ബീഹാറിലെ മിഥിലാഞ്ചൽ മേഖലയിൽ ഉത്പാദിപ്പിക്കുന്ന ഒന്നാണ് മഖാന. ഏറെ പോഷക ഗുണങ്ങൾ അടങ്ങിയ ഇത് വാസ്തവത്തിൽ വറുത്ത താമര വിത്താണ്. താമര വിത്ത്, ഫോക്സ് നട്ട്സ്, ഫൂൽ മഖാന, യൂറിയൽ ഫെറോക്സ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മഖാന. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരെ സംബന്ധിച്ച് അവര്‍ക്ക് അനുയോജ്യമായൊരു സ്നാക്ക് ആണ് മഖാന. ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഇവ ലഭ്യമാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
മഖാനയിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ലഘുഭക്ഷണമാണ്. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് വിശപ്പ് ശമിപ്പിക്കുകയും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യത്തിന് മികച്ചത്
ധാരാളം മഗ്നീഷ്യം അടങ്ങിയതും സോഡിയം കുറവുള്ളതുമായ മഖാന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ഇതിലെ ആൻറി ഓക്സിഡൻറുകളുടെ സാന്നിധ്യം ഓക്സിഡേറ്റീവ് സ്ട്രെസ് തടയുന്നത് വഴി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, മഖാനയ്ക്ക് കാർഡിയോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ടെന്നും ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വൃക്കകളുടെ ആരോഗ്യത്തിന്
ശരീരത്തിലെ വിഷാംശം പുറന്തള്ളി വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ മഖാന ഗുണകരമാണ്. ഇതിലെ ഉയർന്ന പൊട്ടാസ്യം വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
എല്ലുകളെ ബലപ്പെടുത്താൻ
കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് മഖാന. ഇത് എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിലും ഓസ്റ്റിയോപൊറോസിസ് തടയുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. പതിവായി മഖാന കഴിക്കുന്നത്, പ്രത്യേകിച്ചും പ്രായമായ വ്യക്തികൾ കഴിക്കുന്നത് വളരെ ഗുണകരമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
പ്രമേഹരോഗികൾക്കും അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ് മഖാന. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹത്തിൻ്റെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യം
മഖാനയില്‍ ആൻറി ഏജിംഗ് പ്രോപ്പർട്ടികൾ ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗ്ലൂട്ടാമൈൻ, അർജിനൈൻ, തുടങ്ങി ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ മഖാന കഴിക്കുന്നതിലൂടെ സാധിക്കും.
ഹോർമോൺ ബാലൻസ് ചെയ്യുന്നു
ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താനും മഖാന സഹായിക്കുന്നു. ആർത്തവസമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും.