Munnar Weather: മഞ്ഞിൽപ്പൊതിഞ്ഞ് മൂന്നാർ…; കൊടുംചൂടിൽ ചില്ലാവാൻ ഇങ്ങോട്ട് പോന്നോളൂ
Kerala Hill Station Munnar Weather: ദേവികുളം, സെവൻമല, നല്ലതണ്ണി, മൂന്നാർ ടൗൺ എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. കൂടാതെ സൈലന്റ്‌വാലി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസും അന്നേ ദിവസം രേഖപ്പെടുത്തി. ദേവികുളം ഒഡികെ ഡിവിഷനിൽ താപനില മൈനസിലേക്ക് താഴ്ന്നതോടെ മനോഹരമായ മഞ്ഞുവീഴ്ച്ചയാണ് അനുഭവപ്പെട്ടത്.

Munnar
കേരളത്തിൽ ഓരോ വർഷം കഴിയുന്തോറും ചൂട് കൂടിവരികയാണ്. വേനലായാൽ എസിയില്ലാതെ പറ്റാത്ത അവസ്ഥയായി. എന്നാൽ നമ്മുടെ നാട്ടിൽ കൊടും ചൂടിലും മഞ്ഞിൽപൊതിഞ്ഞ് നിൽക്കുന്ന ഒരു സ്ഥലമുണ്ട്. നമ്മുടെ സ്വന്തം അഭിമാനമായ കേരളത്തിൻ്റെ കശ്മീർ എന്നറിയപ്പെടുന്ന ഇഡുക്കി ജില്ലയിലെ മൂന്നാർ. ഇപ്പോഴിതാ താപനില പൂജ്യത്തിലെത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. താപനില പൂജ്യത്തിലെത്തിയതോടെ വിനോദസഞ്ചാരികളുടെ എണ്ണവും കുത്തനെ വർദ്ധിച്ചു.
തിങ്കളാഴ്ച പുലർച്ചെ മൂന്നാറിലെ ചെണ്ടുവര, ലക്ഷ്മി എന്നീ പ്രദേശങ്ങളിലാണ് താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി, മൂന്നാർ ടൗൺ എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. കൂടാതെ സൈലന്റ്‌വാലി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസും അന്നേ ദിവസം രേഖപ്പെടുത്തി. ദേവികുളം ഒഡികെ ഡിവിഷനിൽ താപനില മൈനസിലേക്ക് താഴ്ന്നതോടെ മനോഹരമായ മഞ്ഞുവീഴ്ച്ചയാണ് അനുഭവപ്പെട്ടത്. ഈ മഞ്ഞുവീഴ്ച്ച തന്നെയാണ് വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നത്.
രാത്രിയിലാണ് ഈ പ്രഗേശിങ്ങളിൽ തണുപ്പ് ശക്തമാക്കുന്നത്. എന്നാൽ പകൽ ആകുമ്പോഴേക്കും 25 ഡിഗ്രി വരെ താപനിലയിലേക്ക് എത്തും. ചെണ്ടുവരയിൽ ഡിസംബറിലും പൂജ്യം താപനിലയാണ് രേഖപ്പെടുത്തിയത്. കന്നിമല, പെരിയവര എന്നിവിടങ്ങളിലെ പുൽമേടുകളിൽ മഞ്ഞു മൂടിക്കിടക്കുന്ന കാഴ്ച്ച കാണാൻ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.
മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ
മൂന്നാറിലെ പ്രശസ്തമായ സ്ഥലമാണ് ടോപ്പ് സ്റ്റേഷൻ. അവിടുത്തെ കാഴ്ച്ചകളാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. വൈവിധ്യമാർന്ന വന്യജീവികളെയും അവിടെ കാണാൻ കഴിയും. മൂന്നാറിൽ നിന്ന് 32 കിലോമീറ്റർ അകലെ മൂന്നാർ-കൊടൈക്കനാൽ റോഡിൽ സ്ഥിതി ചെയ്യുന്ന ടോപ്പ് സ്റ്റേഷൻ കേരള-തമിഴ്നാട് അതിർത്തിയിലാണ്.
97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇരവികുളം ദേശീയോദ്യാനം, വന്യജീവികളുടെ, പ്രത്യേകിച്ച് വംശനാശഭീഷണി നേരിടുന്ന നീലഗിരി താറിന്റെ ഒരു പ്രധാന സങ്കേതമാണ്. മനോഹരമായ ട്രെക്കിംങ്ങുൾപ്പെടെ ഇവിടെ അനുവദനീയമാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞി പൂക്കുന്നതിനാൽ ഈ സ്ഥലം വളരെ പ്രസിദ്ധമാണ്.
നല്ലതണ്ണി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഒന്നാണ് തേയില ഫാക്ടറി. ഇതൊരു മ്യൂസിയമായി കരുതപ്പെടുന്നു. 2005-ൽ ടാറ്റ ടീയാണ് ഇത് ഇവിടെ സ്ഥാപിച്ചത്. തേയില കൃഷിയുടെയും ഉൽപാദനത്തിന്റെയും ചരിത്രം അറിയുന്നതിന് ഈ സ്ഥലം സന്ദർശകർക്ക് അവസരം നൽകുന്നു. തേയില നിർമ്മാണ ഉപകരണങ്ങളുടെയും പ്രക്രിയകളും നിങ്ങൾക്ക് ഇവിടെ നേരിട്ട് കാണാൻ കഴിയും.
വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട മറ്റൊരു സ്ഥലമാണ് മാട്ടുപ്പെട്ടി അണക്കെട്ട്. മൂന്നാറിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച്ചയാണ് ഇവിടെ ലഭിക്കുന്നത്. ബോട്ടിംഗിനുള്ള സൗകര്യവും ഇവിടെ ലഭിക്കുന്നു. സൂര്യാസ്തമയ സമയത്താണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.