Water-Damage Phone: ഫോണ്‍ വെള്ളത്തിൽ വീണാല്‍ അരിയിൽ പൂഴ്ത്തി വയ്ക്കാറുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Wet Mobile Phone in Rice: നമ്മളിൽ പലരും ഇത്തരം സാഹചര്യങ്ങളിൽ ആദ്യം ചെയ്യുന്നത് നനഞ്ഞ ഫോൺ അരിയിൽ പൂഴ്ത്തിവയ്ക്കുകയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ? ഇതുകൊണ്ട് ഗുണം ഉണ്ടാകുമോ?

Representational Image
ഫോൺ വെള്ളത്തിൽ വീഴുന്നതും നനയുന്നതും എല്ലാം സാധാരണ സംഭവിക്കാറുള്ളതാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക സ്മാർട്ട്ഫോണുകളും വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുകളോട് കൂടിയാണ് വരുന്നത്. എന്നിരുന്നാൽ പോലും വെള്ളത്തിൽ വീണാൽ ഫോൺ കേടുവരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം. നമ്മളിൽ പലരും ഇത്തരം സാഹചര്യങ്ങളിൽ ആദ്യം ചെയ്യുന്നത് നനഞ്ഞ ഫോൺ അരിയിൽ പൂഴ്ത്തിവയ്ക്കുകയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ? ഇതുകൊണ്ട് ഗുണം ഉണ്ടാകുമോ?
നനഞ്ഞ ഫോൺ അരിയിൽ പൂഴ്ത്തിവയ്ക്കാമോ?
ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം ഒരു തുണികൊണ്ട് അതിലെ വെള്ളവും നനവുമെല്ലാം തുടച്ചു മാറ്റുകയാണ് വേണ്ടത്. അതിനു ശേഷം ഒരു പാത്രത്തിലോ ബാഗിലോ അരിയിട്ട് അതിൽ ഫോൺ പൂഴ്ത്തിവയ്ക്കുന്നത് ഫോണിലെ ഫോണിന്റെ നനവ് ഒഴിവാക്കാൻ സഹായിക്കും. ഫോണിലെ വെള്ളം പൂർണമായും അരി വലിച്ചെടുക്കുമെന്നാണ് പറയുന്നത്. എന്നാൽ, കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഇതുപോലെ അരിയ്ക്കുള്ളിൽ ഫോൺ പൂഴ്ത്തി വയ്ക്കണം എന്ന് മാത്രം. ഇത് പലരും പരീക്ഷിച്ച് വിജയിച്ച ഒരു പരിഹാരമാർഗമാണ്.
എന്നാൽ, ഈ വർഷത്തിന്റെ തുടക്കത്തിൽ ഇത്തരത്തിൽ ഫോൺ അരിയ്ക്കുള്ളിൽ പൂഴ്ത്തി വയ്ക്കരുതെന്ന് ഐ ഫോൺ ഉപഭോക്താക്കൾക്ക് നിർദേശവുമായി ആപ്പിൾ രംഗത്ത് വന്നിരുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആപ്പിൾ നൽകിയ മുന്നറിയിപ്പ്. ഫോണിലെ വെള്ളം ഒഴിവാക്കുന്നതിനായി അരിയിൽ പൂഴ്ത്തിവെച്ചുകഴിഞ്ഞാൽ അരിയിലുള്ള ചെറിയ പദാർത്ഥങ്ങൾ ഫോണിനകത്ത് കയറി ഫോണിന് കേടുപാടുകൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതൽ ആണെന്നാണ് ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ പറഞ്ഞത്. എന്നിരുന്നാലും മറ്റ് പ്രമുഖ ആൻഡ്രോയിഡ് ഫോൺ നിർമാതാക്കൾ ഒന്നും തന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പുമായി രംഗത്തുവരാത്തത് കൊണ്ടുതന്നെ ഇപ്പോഴും ഈ മാതൃക തന്നെയാണ് പലരും പിന്തുടരുന്നത്.
ALSO READ: യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ, ഫലം ഉറപ്പ്
ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം എന്ത് ചെയ്യണം?
- വെള്ളത്തിൽ വീണ ഫോൺ ഒരിക്കലും ഉടനെ ഓണാക്കാൻ ശ്രമിക്കരുത്. വെള്ളത്തിൽ വീണിട്ടും ഫോൺ ഓഫായിട്ടില്ലെങ്കിൽ ഉടൻ ഓഫ് ചെയ്യുക.
- ഫോണിന്റെ ബട്ടണുകളിൽ അനാവശ്യമായി അമർത്തരുത്. അതുപോലെ, വെള്ളം ഒഴിവാക്കാനായി ഫോൺ കുലുക്കുകയോ, കുടയുകയോ ചെയ്യരുത്.
- ഫോൺ ഓഫ് ചെയ്തതിന് ശേഷം സിം കാർഡ്, മൈക്രോ എസ്ഡി കാർഡ് തുടങ്ങിയവ നീക്കം ചെയ്യണം.
- ഫോണിലെ വെള്ളം ഒഴിവാക്കാനായി ചാർജർ പോയിന്റിൽ ഊതരുത്, കാരണം ഇത് വെള്ളം അകത്തേക്ക് പടരാൻ കാരണമാകും.
- ഫോണിലെ വെള്ളം തുണി കൊണ്ട് തുടച്ചെടുക്കാം. ഒരിക്കലും ഹെയർ ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാൻ നോക്കരുത്.
- ഫോൺ കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ മൊബൈൽ കടകളോ, ഷോറൂമുകളോ സന്ദർശിക്കുക.