Guava VS Banana: പേരയ്ക്കയോ വാഴപ്പഴമോ? ഏതാണ് ആരോഗ്യത്തിന് ഏറ്റവും മികച്ചത്?
Guava vs Banana Health Benefits: സാധാരണയായി നാം എല്ലാവരും കഴിക്കുന്ന പഴങ്ങളായ വാഴപ്പഴവും പേരയ്ക്കയും ആരോഗ്യ ഗുണങ്ങളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന പഴങ്ങളാണ്. രണ്ടിലും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ആരോഗ്യകരമായ ശരീരത്തിന് ഡയറ്റിൽ പഴങ്ങൾ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ശരിയായ പഴം തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴമുണ്ടോ? സാധാരണയായി നാം എല്ലാവരും കഴിക്കുന്ന രണ്ട് പഴങ്ങളാണ് വാഴപ്പഴവും പേരയ്ക്കയും. ഈ രണ്ട് പഴങ്ങളും ആരോഗ്യ ഗുണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു. രണ്ടിലും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇവയുടെ ആരോഗ്യ ഗുണങ്ങൾ വ്യത്യാസമാണ്. വാഴപ്പഴമാണോ പേരയ്ക്കയാണോ ഏറ്റവും മികച്ചതെന്ന് നോക്കാം.
പേരയ്ക്ക
വിറ്റാമിൻ സിയുടെ ഉറവിടമാണ് പേരയ്ക്ക. ഇതിൽ ഫൈബർ, വിറ്റാമിൻ എ, ബി, ആന്റി-ഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും പേരയ്ക്ക വളരെ നല്ലതാണ്. കൂടാതെ, അസിഡിറ്റിയെ ചെറുക്കാനും സഹായിക്കുന്ന പേരയ്ക്ക ശരീരത്തെ വൈറസുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും പേരയ്ക്ക ഒരു മികച്ച ഓപ്‌ഷനാണ്. കാരണം ഇതിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും കലോറി കുറവാണ്. പേരയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ അമിതവിശപ്പ് ശമിപ്പിക്കാനും, അതുവഴി ധാരാളം ഭക്ഷണം കഴിക്കുന്നത് തടയാനും കഴിയും.
അതുപോലെ, സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി-ഓക്സിഡന്റായ ലൈക്കോപ്പീനും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവ ചീത്ത കൊളസ്‌ട്രോൾ പുറന്തള്ളാനും അതുപോലെ ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാനും ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫെനോളുകളും ട്രൈറ്റെർപീനുകളും പേരയ്ക്കയിൽ ധാരാളം ഉണ്ട്.
ALSO READ: ‘ഗ്രീൻ ജ്യൂസ്’ ഡയറ്റിൽ ഉൾപ്പെടുത്തൂ; ഒന്നും രണ്ടുമല്ല പലതുണ്ട് ഗുണങ്ങൾ
വാഴപ്പഴം
ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാഴപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ വിശപ്പ് കുറയ്ക്കാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും, അതുവഴി ശരീഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. വാഴപ്പഴം ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
കൂടാതെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യം നിലനിർത്തുന്നതിനും ആവശ്യമായ പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, നിയാസിൻ, മഗ്നീഷ്യം, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലിനും പല്ലിനും ഇത് നല്ലതാണ്. ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ട് തന്നെ വിളർച്ച തടയാനും മികച്ചതാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഒന്നായത് കൊണ്ട് തന്നെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വർദ്ധനവിന് കാരണമാകില്ല. കൂടാതെ, മലബന്ധം കുറയ്ക്കാനും മറ്റ് ദഹന പ്രശ്നങ്ങളെ അകറ്റാനും വാഴപ്പഴം നല്ലതാണ്.
പേരയ്ക്കയോ വാഴപ്പഴമോ ഏതാണ് മികച്ചത്?
പേരയ്ക്കയ്ക്കും വാഴപ്പഴത്തിനും അതിന്റേതായ ആരോഗ്യ ഗുണങ്ങളുണ്ട്. നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമായ പേരയ്ക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും നല്ലതാണ്. ഗ്ലൈസെമിക് സൂചിക കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മികച്ചതാണ്. മറുവശത്ത്, വാഴപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് ഹൃദയാരോഗ്യത്തിനും, പേശികളുടെ ആരോഗ്യത്തിനും, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുമെല്ലാം നല്ലതാണ്. ഊർജ്ജം ലഭിക്കാനും, ദഹനം മെച്ചപ്പെടുത്താനും ഇത് മികച്ചതാണ്.
കുറഞ്ഞ കലോറിയുള്ള, ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന, ദഹനം മെച്ചപ്പെടുത്താൻ ഗുണം ചെയ്യുന്ന ഒരു പഴമാണ് തിരയുന്നതെങ്കിൽ പേരയ്ക്ക ഒരു മികച്ച ഓപ്‌ഷൻ ആയിരിക്കും. അതുപോലെ ഊർജ്ജം ലഭിക്കാനും, വ്യായാമത്തിന് മുൻപോ ശേഷമോ ആയി കഴിക്കാൻ പറ്റുന്ന ഒരു ലഘു ഭക്ഷണം എന്ന നിലയ്‌ക്കോ അല്ലെങ്കിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും മറ്റുമാണെങ്കിൽ വാഴപ്പഴം ഒരു മികച്ച ഓപ്‌ഷൻ തന്നെയാണ്.