Navratri 2025: നവരാത്രിയിൽ ദേവീ പ്രീതിക്കായി ഈ ക്ഷേത്രങ്ങൾ സന്ദർശിക്കൂ; ഫലം ഉറപ്പാണ്
Navratri Durga Puja Temple Visit: നവരാത്രിയുടെ ഭാഗമായി ദേവി ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ഭഗവതിപൂജയും നടത്തുന്നു. കുട്ടികളെ എഴുത്തിനിരുത്തുന്നതിനും കലാകാരന്മാർ അരങ്ങേറ്റം കുറിക്കുന്നതിനുമായി പ്രത്യേക ക്ഷേത്രങ്ങളുണ്ട്. അങ്ങനെയെങ്കിൽ നവരാത്രി കാലത്ത് തീർച്ചയായും സന്ദർശിക്കേണ്ട ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം.

Navratri 2025
ഇക്കൊല്ലത്തെ നവരാത്രി (Navratri) മഹോത്സവം വന്നെത്തിയിരിക്കുന്നു. ക്ഷേത്രങ്ങളുടെ നാടായ കേരളത്തിലും നവരാത്രി കാലം വളരെ പ്രധാനപ്പെട്ടതാണ്. ദേവീ പ്രീതിക്കായി വ്രതം നോറ്റ് ക്ഷേത്രത്തിലെത്തുന്നത് ഒട്ടനവധി വിശ്വാസികളാണ്. കേരളത്തിൽ നവരാത്രി ആഘോഷിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. നവരാത്രിയുടെ ഭാഗമായി ദേവി ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ഭഗവതിപൂജയും നടത്തുന്നു. കുട്ടികളെ എഴുത്തിനിരുത്തുന്നതിനും കലാകാരന്മാർ അരങ്ങേറ്റം കുറിക്കുന്നതിനുമായി പ്രത്യേക ക്ഷേത്രങ്ങളുണ്ട്. അങ്ങനെയെങ്കിൽ നവരാത്രി കാലത്ത് തീർച്ചയായും സന്ദർശിക്കേണ്ട ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം.
കാടാമ്പുഴ ഭഗവതിക്ഷേത്രം
കേരളത്തിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഭഗവതീ ക്ഷേത്രമാണ് മലപ്പുറത്തെ കാടാമ്പുഴ ഭഗവതിക്ഷേത്രം. ആദിപരാശക്തിയെ കിരാത രൂപത്തിൽ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ വിഗ്രഹവും, മേല‍്‍ക്കൂരയും ഇല്ലെന്ന പ്രത്യേകതയും ഉണ്ട്. കുഴിയുടെ മുകളിലുള്ള കണ്ണാടിയെയാണ് ഇവിടെ പ്രതിഷ്ഠയായി കണ്ട് ഭക്തർ ആരാധിക്കുന്നത്. നവരാത്രി കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്താറുണ്ട്.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം വളരെ പ്രസിദ്ധമാണ്. കേരളത്തിൽ ഏറ്റവുമധികം വിശ്വാസികളെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയാണ് ചോറ്റാനിക്കര ദേവീയെന്നാണ് വിശ്വാസം. മഹാലക്ഷ്മിയെയും വിഷ്ണുവിനെയും ഒരുമിച്ച് പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ഭഗവതിയെ മൂന്നു ഭാവങ്ങളായിട്ടാണ് ആരാധിക്കുന്നത്. മഹാസരസ്വതി, ഭദ്രകാളി, ദുർഗ്ഗാ പരമേശ്വരി എന്നിങ്ങനെയാണ് ആ മൂന്ന് ഭാവങ്ങൾ.
ആറ്റുകാൽ ഭഗവതി ക്ഷേത്രം
ആറ്റുകാൽ ക്ഷേത്രത്തിൽ ഭദ്രകാളിയെ ആണ് അമ്മയായി കാണുന്നത്. സ്ത്രീകളുടെ ശബരിമല എന്നൊരു വിശേഷണവും ഈ ക്ഷേത്രത്തിനുണ്ട്. ഇവിടുത്തെ പൊങ്കാല ലോകപ്രസിദ്ധമായ ആഘോഷമാണ്. പല നാടുകളിൽ നിന്നായി ഒട്ടനവിധി സ്ത്രീകളാണ് പൊങ്കാല അർപ്പിക്കാനെത്തുന്നത്. നവരാത്രി ആഘോഷത്തിൽ ഒൻപത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഓരോ ദിവസവും ഇവിടെ പ്രധാനമാണ്. പൂജയെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവയെല്ലാം ഈ ദിവസങ്ങളിലായി ക്ഷേത്രത്തിൽ കൊണ്ടാടും.
പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തുള്ള പനച്ചിക്കാട് ക്ഷേത്രത്തിൽ നവരാത്രി ഉത്സവം വളരെ പ്രധാനപ്പെട്ടതാണ്. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി-വിജയദശമി മഹോത്സവത്തിന് ധാരാളം ഭക്തർ ദേവിയെ തൊഴാൻ ഇവിടേക്ക് എത്തുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങാണ് ഇവിടുത്തെ പ്രധാനം. ദേശാധിപത്യ സ്വഭാവത്തോടുകൂടിയ മഹാവിഷ്‌ണു, സർവാഭീഷ്‌ടദായിനിയായ സരസ്വതി, ഗണപതി, ശിവൻ, ശാസ്‌താവ്, യക്ഷി, നാഗരാജാവ് എന്നിങ്ങനെയാണ് ഇവിടെ ദർശനം നടത്തുക.