AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Uthradam Day 2025: ഉത്രാടപ്പാച്ചിലിനൊരുങ്ങി നാടും നഗരവും… പഴമ വിളിച്ചോതാൻ ആടിവേടനും ഓണത്താറും; അറിയാം സവിശേഷതകൾ

Onam Uthradam Day ​Importance and Significance: ഓരോ ദിവസത്തിനും അതിൻ്റേതായ പ്രാധാന്യവും ചെയ്ത് തീർക്കേണ്ട കാര്യങ്ങളുമുണ്ട്. അങ്ങനെ ഓരോ ദിനവും കടന്നുപോയി ഒടുവിൽ ഉത്രാടം ദിനം വന്നെത്തിയിരിക്കുകയാണ്. ഇക്കൊല്ലത്തെ ഉത്രാടം സെപ്റ്റംബർ നാല് വ്യാഴാഴ്ച്ചയാണ്. ചില പ്രദേശങ്ങളിൽ ഒന്നാം ഓണം എന്നാണ് ഉത്രാട ദിവസത്തെ അറിയപ്പെടുന്നത്.

Uthradam Day 2025: ഉത്രാടപ്പാച്ചിലിനൊരുങ്ങി നാടും നഗരവും… പഴമ വിളിച്ചോതാൻ ആടിവേടനും ഓണത്താറും; അറിയാം സവിശേഷതകൾ
Uthradam Day Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 03 Sep 2025 15:44 PM

ഇക്കൊല്ലത്തെ പൊന്നോണം ദാ വാതിൽപ്പടിയിലെത്തി… കാത്തിരപ്പിൻ്റെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും മറ്റൊരു ഓണനാൾകൂടി വരവായി. ഇനി ഒരു നാൾ മാത്രമാണ് തിരുവോണത്തിനുള്ളത്. മലയാളികൾ എവിടേയുണ്ടോ അവിടെയെല്ലാം ഓണവും ഉണ്ടാകും. കാരണം അതൊരു വികാരമാണ്. പഴമയും തനിമയും ചോരാതെ ഇന്നും മലയാളികൾ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് ഓണം.

പുത്തൻ കോടിയുടുത്ത് തിരുവോണ പുലരിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളക്കര. തൂശനിലയിൽ ഉപ്പേരിയും പപ്പടവും പായസവും കറികറും നിറയുന്ന തിരുവോണ സദ്യയും അതിന് ശേഷമുള്ള ഓണക്കളികളും എല്ലാം പഴമയെ വിളിച്ചോതുന്ന സംസ്കാരമാണ്. അത്തം തുടങ്ങിയാൽ പിന്നെ ദിവസങ്ങൾ കടന്നുപോകുന്നതേ അറിയില്ലെന്ന് പഴമക്കാർ പറയാറുണ്ട്. ശരിയാണ്, കാരണം അന്ന് മുതൽ വീടുകളിൽ മാവേലി തമ്പുരാനെ വരവേൽക്കാനുള്ള ഓരോ തയ്യാറെടുപ്പുകൾ തുടങ്ങുന്നു.

പിന്നീട് ഇരിക്കാനും നിക്കാനും നേരമില്ലാതെ നെട്ടോട്ടമാണ്. ഓരോ ദിവസത്തിനും അതിൻ്റേതായ പ്രാധാന്യവും ചെയ്ത് തീർക്കേണ്ട കാര്യങ്ങളുമുണ്ട്. അങ്ങനെ ഓരോ ദിനവും കടന്നുപോയി ഒടുവിൽ ഉത്രാടം ദിനം വന്നെത്തിയിരിക്കുകയാണ്. ഇക്കൊല്ലത്തെ ഉത്രാടം സെപ്റ്റംബർ നാല് വ്യാഴാഴ്ച്ചയാണ്. ചില പ്രദേശങ്ങളിൽ ഒന്നാം ഓണം എന്നാണ് ഉത്രാട ദിവസത്തെ അറിയപ്പെടുന്നത്. ഉത്രാടപാച്ചിൽ എന്നൊരു പ്രയോ​ഗവും പലയിടത്തും ഇന്നും നിലനിൽക്കുന്നു.

എന്നാൽ ഉത്രാടം വെറും ഒരു ദിവസമല്ല. പൊന്നോണക്കാലത്ത് ഉത്രാടദിനത്തിന് തിരുവോണ ദിവസത്തെ പോലെ തന്നെ ഏറ്റവും വിശേഷപ്പെട്ട സ്ഥാനം തന്നെയാണ് നൽകിയിട്ടുള്ളത്. ഓണാഘോഷത്തിൻ്റെ അവസാനഘട്ട ഒരുക്കത്തിനെയാണ് മലയാളികൾ ഉത്രാടപ്പാച്ചിൽ എന്ന് പറയുന്നത്. തിരുവോണ നാളിലെ സദ്യവട്ടത്തിനുള്ള തിരക്കുകൂട്ടൽ. ഓണത്തലേന്ന് ചന്തകളിൽ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങാൻ ആളുകൾ നെട്ടോട്ടമോടുന്ന ദിവസമാണ് ഉത്രാടം.

ചന്തകളും വഴിയോരങ്ങളും വിപണികളും വളരെ തിരക്കുപിടിച്ചുകാണുന്ന ഒരു ദിവസമാണ് ഓണത്തലേന്നായ ഉത്രാടം ദിവസം. തിരുവോണ ദിവസം എന്തെല്ലാമാണോ വേണ്ടത് അതെല്ലാം മലയാളികൾ വാങ്ങാനിറങ്ങുന്ന ഉത്രാടത്തിനാണ്. കാണം വിറ്റും ഓണം ഉണ്ണുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ ഉത്രാട ദിവസം പണം ചിലവാക്കുന്നതിന് കൈയ്യും കണക്കുമില്ല.

ഉത്രാടത്തിലെ തെയ്യക്കോലം

ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ ഓണക്കാലത്ത് നാട്ടുവഴികളിലൂടെയും വീടുകൾ കയറിയിറങ്ങിയും തെയ്യങ്ങളുണ്ട്. ആടിവേടൻ എന്നാണ് ഈ തെയ്യത്തെ അറിയപ്പെടുന്നത്. ആധിയും വ്യാധിയും ഒഴിഞ്ഞ ഐശ്വര്യത്തിൻ്റെ നല്ലൊരു ഓണക്കാലത്തിനായി പ്രാർഥിക്കുന്ന ജനതയെ തെയ്യക്കോലങ്ങൾക്ക് മുൻപിൽ കാണാൻ കഴിയും. കുട്ടികൾ കോലം കെട്ടി വീടുകൾ കയറിയിറങ്ങി അനുഗ്രഹം നൽകുന്നു.

ആടിവേടൻ തെയ്യത്തിന് പിന്നാലെ ഓണത്താർ തെയ്യവും എത്തും. പ്രധാനമായും കാസർകോട് ജില്ലയിലാണ് ഓണത്താർ തെയ്യം വീടുകളിൽ കയറിയിറങ്ങുന്നത്. ഉത്രാടദിനത്തിലാണ് ഓണത്താർ വരുന്നത്. ആടിവേടൻ മടങ്ങിക്കഴിയുമ്പോൾ ഓണത്താറിൻ്റെ വരവായി. മഹാബലി തമ്പുരാൻ്റെ സങ്കൽപമാണ് ഓണത്താറിന് പിന്നിലുള്ളത്. ഉടയാടയും മുഖത്തെഴുത്തും അണിഞ്ഞ് കയ്യിൽ ഒരു ഓണവില്ലും ഏന്തി മണിക്കിലുക്കവും കേൾപ്പിച്ചാണ് ഓണത്താർ പഴമയുടെ പ്രതീകമായി നാടെങ്ങും കറങ്ങിനടക്കുന്നത്.