Saudi T20 league: സൗദി ടി20 ലീഗിനെതിരെ കൈകോർത്ത് ബിസിസിഐയും ഇസിബിയും; ലീഗിനെ തകർക്കാൻ സംയുക്തധാരണ
BCCI And ECB Against Saudi T20 League: സൗദി അവതരിപ്പിക്കുന്ന സൗദി ടി20 ലീഗിനെ തകർക്കാൻ ബിസിസിഐയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും തമ്മിൽ സംയുക്തധാരണയെന്ന് റിപ്പോർട്ട്. ലീഗിൽ കളിക്കാൻ താരങ്ങളെ അനുവദിക്കില്ല എന്ന് ഇരു ബോർഡുകളും തമ്മിൽ ധാരണയായി.
സൗദി ടി20 ലീഗിനെതിരെ കൈകോർത്ത് ബിസിസിഐയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും. ഇരു ബോർഡുകളും സൗദി ടി20 ലീഗിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ ലോർഡ്സിൽ വച്ച് നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനിടെ ഇരു ബോർഡുകളും തമ്മിൽ ചർച്ച നടത്തിയിരുന്നു. സൗദി ടി20 ലീഗിനെ തകർക്കാനാണ് ഇരു ക്രിക്കറ്റ് ബോർഡുകളുടെയും ധാരണയെന്നും ഗാർഡിയൻ്റെ റിപ്പോർട്ടിലുണ്ട്.
സൗദി ടി20 ലീഗിൽ പങ്കെടുക്കാൻ താരങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഇരു ബോർഡുകളും തീരുമാനിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ലീഗിനെതിരെ നടപടിയെടുക്കാൻ സംയുക്തമായി ഐസിസിയോട് ആവശ്യപ്പെടാനുള്ള ധാരണയും ഇരു ബോർഡുകൾക്കുമിടയിലുണ്ടായിട്ടുണ്ട്. അതേസമയം, ക്രിക്കറ്റ് ഓസ്ട്രേലിയ ലീഗിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
എട്ട് ടീമുകളാവും ലീഗിൽ കളിക്കുക. നാല് വ്യത്യസ്ത വേദികളിലായി മത്സരങ്ങൾ കളിക്കും. ടെന്നീസിലെ ഗ്രാൻഡ് സ്ലാമുകളെപ്പോലെ ടീമുകൾക്ക് വേദികൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ബിഗ് ബാഷ് ലീഗിലെ ഫ്രാഞ്ചൈസികളിൽ നിന്നെന്ന പോലെ ലാഭം നേടുകയാണ് സൗദി ടി20 ലീഗിലും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലക്ഷ്യം. ബിസിസിഐ മുൻ പ്രസിഡൻ്റായ ജയ് ഷാ ആണ് നിലവിൽ ഐസിസി പ്രസിഡൻ്റ്. ബിസിസിഐ നിലപാടിനൊപ്പമാവും ജയ് ഷായുടെ നിലപാടെന്നും ഗാർഡിയൻ്റെ റിപ്പോർട്ടിൽ പറയുന്നു.




400 മില്ല്യൺ ഡോളർ (ഏകദേശം 3442 രൂപ) ചിലവിലാണ് സൗദി ടി20 ലീഗ് ഒരുങ്ങുന്നത്. രാജ്യത്തെ ക്രിക്കറ്റ് സംസ്കാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലീഗ്. പുരുഷ, വനിതാ മത്സരങ്ങൾ ലീഗിലുണ്ടാവും. സൗദി എസ്ആർജെ സ്പോർട്സ് ഇൻവെസ്റ്റ്മെൻ്റ് ആണ് ലീഗിലെ പ്രധാന നിക്ഷേപകൻ. ക്രിക്കറ്റ് ഓസ്ട്രേലിയ ആണ് ലീഗിൻ്റെ പ്രധാന പിന്തുണ.