Akhil Scaria: ഗ്ലോബ്‌സ്റ്റാറിലെ മെഗാസ്റ്റാര്‍, ആരും ആഗ്രഹിക്കുന്ന ഓള്‍റൗണ്ടര്‍; ഐപിഎല്ലിലേക്കുള്ള വഴി വെട്ടി അഖില്‍ സ്‌കറിയ
Kerala cricket league season 2 Akhil Scaria: അഖിലിന്റെ പ്രകടനം ഐപിഎല്‍ ഫ്രാഞ്ചെസികള്‍ക്ക് എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകുമെന്നാണ് ആരാധകരുടെ ചോദ്യം. വിഘ്‌നേഷ് പുത്തൂരിന് ശേഷം കെസിഎല്ലിലൂടെ ഐപിഎല്ലില്‍ എത്തുന്ന രണ്ടാമത്തെ താരമാകാന്‍ അഖിലിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

അഖില്‍ സ്‌കറിയ
രഞ്ജി ട്രോഫിയിലെ ഫൈനലില്‍ എത്തിയതോടെ കേരള ക്രിക്കറ്റ് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. സല്‍മാന്‍ നിസാറും, മുഹമ്മദ് അസ്ഹറുദ്ദീനും, എംഡി നിധീഷും അടങ്ങിയ മലയാളി താരനിര ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിലെത്തിയത് രഞ്ജിയിലെ പ്രകടനമികവിന്റെ പിന്‍ബലത്തിലാണ്. രഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനം ദുലീപ് ട്രോഫിയിലേക്കുള്ള വഴിയൊരുക്കിയതു പോലെ കേരള ക്രിക്കറ്റ് ലീഗിലെ മിന്നും പ്രകടനം ഐപിഎല്ലില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങള്‍. കഴിഞ്ഞ തവണ വിഘ്‌നേഷ് പുത്തൂര്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതുപോലെ.
ഇത്തവണയും ഐപിഎല്‍ ഫ്രാഞ്ചെസികള്‍ കെസിഎല്‍ ഉറ്റുനോക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് ടാലന്റ് സ്‌കൗട്ട് കിരണ്‍ മോറെ മത്സരം കാണാനെത്തിയതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഐപിഎല്‍ ഫ്രാഞ്ചെസികളുടെ കണ്ണുതുറപ്പിക്കും വിധം താരങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. അതില്‍ പ്രധാനിയാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖില്‍ സ്‌കറിയ.
ഏതു ടീമും ആഗ്രഹിക്കുന്ന തരത്തിലുള്ള സമ്പൂര്‍ണ പാക്കേജാണ് അഖില്‍ സ്‌കറിയ എന്ന ഓള്‍റൗണ്ടര്‍. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിന്റെ മെഗാസ്റ്റാറാണ് ഇന്ന് ഈ 26കാരന്‍. കഴിഞ്ഞ സീസണില്‍ എവിടെ നിര്‍ത്തിയോ അവിടെ തന്നെയാണ് താരം ഇത്തവണ തുടങ്ങിയത്. കെസിഎല്‍ പ്രഥമ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകള്‍ വീഴ്ത്തിയ താരം വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. ഒപ്പം ബാറ്റിങിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
ഇത്തവണയും സീസണിലെ പകുതി മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ അഖിലാണ് ഒന്നാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് പിഴുതത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ അഞ്ചാമതുണ്ട് താരം.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 173 റണ്‍സാണ് അഖില്‍ ഇതുവരെ അടിച്ചുകൂട്ടിയത്. ഇന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ 19 പന്തില്‍ 45 റണ്‍സാണ് അഖില്‍ നേടിയത്. ഒപ്പം നാലു വിക്കറ്റും വീഴ്ത്തി. താനൊരു ‘വണ്‍ടൈം വണ്ടറല്ല’ എന്നാണ് തകര്‍പ്പന്‍ ഓള്‍റൗണ്ട് മികവിലൂടെ അഖില്‍ തെളിയിക്കുന്നത്.
ബാറ്റിങിലും ബൗളിങിലും വിസ്മയം തീര്‍ക്കുന്ന അഖിലിന്റെ പ്രകടനം ഐപിഎല്‍ ഫ്രാഞ്ചെസികള്‍ക്ക് എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകുമെന്നാണ് ആരാധകരുടെ ചോദ്യം. വിഘ്‌നേഷ് പുത്തൂരിന് ശേഷം കെസിഎല്ലിലൂടെ ഐപിഎല്ലില്‍ എത്തുന്ന രണ്ടാമത്തെ താരമാകാന്‍ അഖിലിന് സാധിക്കുമെന്നാണ് മലയാളി കായിക പ്രേമികളുടെ പ്രതീക്ഷ.