KCL 2025: പൊരുതിയത് ജലജ് സക്സേന മാത്രം; വീണ്ടും തോറ്റ് ആലപ്പി റിപ്പിൾസ്: ഗ്ലോബ്സ്റ്റാഴ്സിന് രണ്ടാം ജയം
Calicut Globstars Wins Against Alleppey Ripples: ആലപ്പി റിപ്പിൾസിനെതിരെ തകർപ്പൻ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്. 44 റൺസിനാണ് ഗ്ലോബ്സ്റ്റാഴ്സിൻ്റെ വിജയം.
കെസിഎലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിന് തുടർച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ 44 റൺസിന് തകർത്താണ് ഗ്ലോബ്സ്റ്റാഴ്സ് രണ്ടാം ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്സ്റ്റാഴ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ റിപ്പിൾസിന് 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടാനേ സാധിച്ചുള്ളൂ.
സച്ചിൻ സുരേഷ് (4) വേഗം പുറത്തായെങ്കിലും രോഹൻ കുന്നുമ്മലിൻ്റെ തീപ്പൊരി കാമിയോ ഗ്ലോബ്സ്റ്റാഴ്സിന് മികച്ച തുടക്കം നൽകി. 16 പന്തിൽ 31 റൺസെടുത്ത രോഹൻ വീണതിന് പിന്നാലെ എം അജിനാസും (6) മടങ്ങി. അഖിൽ സ്കറിയയും പള്ളം അൻഫലും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്നിംഗ്സിൽ നിർണായകമായത്. ഇരുവരും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു. 45 റൺസ് നേടി അഖിലും 20 റൺസ് നേടി അൻഫലും പുറത്തായി. പ്രീതിഷ് പവനും (8) തിളങ്ങാനായില്ല. ഒടുവിൽ ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ (26), കൃഷ്ണ ദേവൻ (20) എന്നിവരാണ് ഗ്ലോബ്സ്റ്റാഴ്സിനെ മികച്ച സ്കോറിലെത്തിച്ചത്.




മറുപടി ബാറ്റിംഗിൽ തകർച്ച നേരിട്ട റിപ്പിൾസിനായി ജലജ് സക്സേന (33 പന്തിൽ 43) മാത്രമാണ് തിളങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ 21 റൺസ് നേടി. അഞ്ച് താരങ്ങൾ ഒറ്റയക്കത്തിന് പുറത്തായി. റിപ്പിൾസിൻ്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോനു കൃഷ്ണയാണ് കളിയിലെ താരം.
ജയത്തോടെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് നാലാം സ്ഥാനം നിലനിർത്തി. നാല് മത്സരങ്ങളിൽ രണ്ട് ജയം സഹിതം നാല് പോയിൻ്റാണ് ഗ്ലോബ്സ്റ്റാഴ്സിനുള്ളത്. നാല് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള റിപ്പിൾസ് രണ്ട് പോയിൻ്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്.