KCL 2025: കെസിഎല്ലില്‍ സെഞ്ചുറിക്ക് അരികില്‍ ‘ദുര്‍ഭൂതം’; മൂന്നക്കത്തിന് അടുത്ത് വഴുതിവീണ് ബാറ്റര്‍മാര്‍
Kerala cricket league season 2 near miss centuries: പല തവണയാണ് ബാറ്റര്‍മാര്‍ 100ന് അടുത്ത് വഴുതി വീണത്. ഇതുവരെ നടന്ന 14 മത്സരങ്ങളില്‍ ആറു തവണയാണ് ബാറ്റര്‍മാര്‍ 90നും, 100നും ഇടയില്‍ പുറത്തായത്. ഇന്ന് നടന്ന മത്സരത്തില്‍ രണ്ടു തവണയാണ് സെഞ്ചുറിക്ക് അരികിലുള്ള 'ദുര്‍ഭൂതം' ബാറ്റര്‍മാരെ പിടികൂടിയത്
കേരള ക്രിക്കറ്റിന്റെ ഭാവി സമ്പന്നവും ഭദ്രവുമാണെന്ന് തെളിയിക്കുന്നതാണ് കേരള ക്രിക്കറ്റ് ലീഗിലെ താരങ്ങളുടെ പ്രകടനം. പരിചയസമ്പന്നരും, പുതുമുഖങ്ങളും വാശിയോടെ പ്രകടനമികവ് പുറത്തെടുക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശക്കാഴ്ചയാണ് സമ്മാനിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വല്ലാത്തൊരു പ്രതിസന്ധി ബാറ്റര്‍മാരെ അലട്ടുന്നുണ്ട്. സെഞ്ചുറിക്ക് തൊട്ടരികില്‍ വരെ എത്തിയിട്ടും മൂന്നക്ക സംഖ്യയില്‍ തൊടാന്‍ പറ്റാത്തതാണ് ബാറ്റര്‍മാരെ കുഴപ്പിക്കുന്നത്.
ഒന്നല്ല, പല തവണയാണ് ബാറ്റര്‍മാര്‍ 100ന് അടുത്ത് വഴുതി വീണത്. ഇതുവരെ നടന്ന 14 മത്സരങ്ങളില്‍ ആറു തവണയാണ് ബാറ്റര്‍മാര്‍ 90നും, 100നും ഇടയില്‍ പുറത്തായത്. ഇന്ന് നടന്ന മത്സരത്തില്‍ രണ്ടു തവണയാണ് സെഞ്ചുറിക്ക് അരികിലുള്ള ‘ദുര്‍ഭൂതം’ ബാറ്റര്‍മാരെ പിടികൂടിയത്.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സും, കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മില്‍ നടന്ന ആദ്യ മത്സരത്തിലായിരുന്നു ഇന്നത്തെ ആദ്യ സംഭവം. കൊച്ചി ബൗളര്‍മാരെ നിഷ്‌കരുണം പ്രഹരിച്ച് കാലിക്കറ്റ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ തകര്‍ത്തടിച്ച് മുന്നേറിയപ്പോള്‍ അദ്ദേഹം സെഞ്ചുറി തികയ്ക്കുമെന്നാമ് മത്സരം കണ്ട പലരും കരുതിയത്. എന്നാല്‍ 94ല്‍ രോഹന്‍ ഔട്ടായി. 43 പന്തില്‍ 94 റണ്‍സെടുത്ത രോഹനെ അഫ്രാദ് നാസറിന്റെ പന്തില്‍ വിനൂപ് മനോഹരന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.




ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിലും സമാന സംഭവം ആവര്‍ത്തിച്ചു. അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് താരമായ അഹമ്മദ് ഇമ്രാനാണ് സെഞ്ചുറിക്ക് തൊട്ടരികില്‍ പുറത്തായത്. 49 പന്തില്‍ 98 റണ്‍സെടുത്താണ് അഹമ്മദ് ഇമ്രാന്‍ പുറത്തായത്. ഇന്ന് സെഞ്ചുറി തികയ്ക്കാനായില്ലെങ്കിലും, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ നേരത്തെ നടന്ന മത്സരത്തില്‍ താരം മൂന്നക്കത്തിലെത്തിയിരുന്നു.
മോഹിപ്പിക്കുന്ന സെഞ്ചുറിക്ക് അരികിലെത്തി ഏരീസ് കൊല്ലം സെയിലേഴ്‌സ് താരമായ വിഷ്ണു വിനോദ് പുറത്തായത് രണ്ട് തവണയാണ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ താരം 94 റണ്‍സ് നേടി ഔട്ടായി. തൃശൂര്‍ ടൈറ്റന്‍സിനെതിരെ നേടിയത് 86 റണ്‍സും. സച്ചിന്‍ ബേബി-91, സഞ്ജു സാംസണ്‍-89 തുടങ്ങിയ താരങ്ങളും ഈ സീസണില്‍ സെഞ്ചുറിക്ക് അരികില്‍ പുറത്തായവരാണ്.