Kerala Cricket League 2025: അസ്ഹറുദ്ദീനെയും വിഗ്നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്; അടുത്ത ലക്ഷ്യം സഞ്ജു സാംസണ്‍?
Kerala Cricket League 2025 Retained Players List: സഞ്ജുവിനൊപ്പം ജലജും ഇത്തവണ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നത് മത്സരത്തിന്റെ വീറും വാശിയും വര്‍ധിപ്പിക്കും. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ ഏഴു വരെയാണ് മത്സരങ്ങള്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്

സഞ്ജു സാംസണ്‍
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്ക് നാല് താരങ്ങളെ നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഗ്നേഷ് പുത്തൂര്‍, അക്ഷയ് ചന്ദ്രന്‍, അക്ഷയ് ടികെ എന്നിവരെയാണ് നിലനിര്‍ത്തിയത്. ആദ്യ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ടീമിന് സാധിച്ചിരുന്നില്ല. അവസാന സ്ഥാനത്താണ് ടീം സീസണ്‍ പൂര്‍ത്തിയാക്കിയത്. 10 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. അതുകൊണ്ട് ഇത്തവണ മികച്ച പ്രകടനം നടത്തണമെന്ന വാശിയിലാണ് ടീം.
മുന്‍ കേരള താരം സോണി ചെറുവത്തൂരാണ് പരിശീലകന്‍. ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്ന സഞ്ജു സാംസണും തങ്ങളുടെ പ്ലാനുകളില്‍ ഉണ്ടെന്ന് സോണി ചെറുവത്തൂര്‍ വ്യക്തമാക്കിയിരുന്നു. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ആലപ്പി റിപ്പിള്‍സ് ശ്രമിക്കുമെന്ന് വ്യക്തമാക്കുന്നതാണ് സോണിയുടെ വെളിപ്പെടുത്തല്‍.
അദാനി ട്രിവാന്‍ഡ്രം റോയല്‍സ് മൂന്ന് താരങ്ങളെ നിലനിര്‍ത്തി. ഗോവിന്ദ് ദേവ് ഡി പൈ, സുബിന്‍ എസ്, വിനില്‍ ടിഎസ് എന്നിവരെയാണ് നിലനിര്‍ത്തിയത്. സച്ചിന്‍ ബേബി ഉള്‍പ്പെടെയുള്ള നാല് താരങ്ങളെ ഏരീസ് കൊല്ലം സെയിലേഴ്‌സ് നിലനിര്‍ത്തി. എന്‍എം ഷറഫുദ്ദീന്‍, അഭിഷേക് ജെ നായര്‍, ബിജു നാരായണന്‍ എന്നിവരാണ് നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് നിലനിര്‍ത്തിയ മറ്റു താരങ്ങള്‍.
കാലിക്കറ്റ് ഗ്ലോബ്‌സ്‌റ്റേഴ്‌സും നാലു പേരെ നിലനിര്‍ത്തി. രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, അന്‍ഫല്‍ പിഎം എന്നിവരെയാണ് റണ്ണേഴ്‌സ് അപ്പായ കാലിക്കറ്റ് നിലനിര്‍ത്തിയത്. തൃശൂര്‍ ടൈറ്റന്‍സും, കൊച്ചി ബ്ലൂ ടൈഗേഴ്‌സും ആരെയും നിലനിര്‍ത്തിയില്ല.
ജലജ് സക്‌സേനയും ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. സഞ്ജുവിനൊപ്പം ജലജും ഇത്തവണ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നത് മത്സരത്തിന്റെ വീറും വാശിയും വര്‍ധിപ്പിക്കും. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ ഏഴു വരെയാണ് മത്സരങ്ങള്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.
ജൂലൈ അഞ്ചിനാണ് താരലേലം. 16-20 താരങ്ങളെ ഓരോ ടീമിനും സ്വന്തമാക്കാം. എ, ബി, സി എന്നീ മൂന്ന് ഗ്രൂപ്പുകളിലായാണ് താരങ്ങളെ തിരിച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍, ജലജ് സക്‌സേന, സച്ചിന്‍ ബേബി, ബേസില്‍ തമ്പി, രോഹന്‍ കുന്നുമ്മല്‍ തുടങ്ങിയ 39 താരങ്ങളാണ് എ വിഭാഗത്തിലുള്ളത്. ‘ബി’യില്‍ 42 പേരും, ‘സി’യില്‍ 87 പേരുമുണ്ട്.
മൂന്ന് ലക്ഷം രൂപയാണ് എ കാറ്റഗറി താരങ്ങളുടെ അടിസ്ഥാനത്തുക. ബിയില്‍ 1.5 ലക്ഷവും, സിയില്‍ 75,000 രൂപയുമാണ് അടിസ്ഥാനവില. ഒരു ടീമിന് 50 ലക്ഷം രൂപ വരെ താരങ്ങള്‍ക്കായി വിനിയോഗിക്കാം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ ഐക്കണ്‍ പ്ലയര്‍ ഉണ്ടാകില്ലെന്നാണ് സൂചന. പരമാവധി നാലു താരങ്ങളെ നിലനിര്‍ത്താം.