Kerala Cricket League 2025: ബാറ്റര്‍മാര്‍ സൂക്ഷിച്ചോ, കെസിഎല്ലില്‍ ഇവര്‍ എറിഞ്ഞ് വീഴ്ത്തും
Kerala Cricket League 2025 Key Bowlers: ഒന്നാം സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരമായ അഖില്‍ സ്‌കറിയ വീഴ്ത്തിയത്. 18 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇത്തവണയും കാലിക്കറ്റിനൊപ്പമാണ് അഖില്‍
കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2വില്‍ പന്ത് കൊണ്ട് വിസ്മയം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ബൗളര്‍മാര്‍. ഇത്തവണ ജലജ് സക്‌സേനയും കൂടി കളിക്കളത്തിലേക്ക് എത്തുമ്പോള്‍ ആവേശം ഇരട്ടിയാകും. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്ന അഖില്‍ സ്‌കറിയ അടക്കം ഇത്തവണ ആത്മവിശ്വാസത്തിലാണ്. ഒന്നാം സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരമായ അഖില്‍ സ്‌കറിയ വീഴ്ത്തിയത്. 18 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇത്തവണയും കാലിക്കറ്റിനൊപ്പമാണ് അഖില്‍. താരലേലത്തിന് മുമ്പ് കാലിക്കറ്റ് നിലനിര്‍ത്തിയ നാല് താരങ്ങളില്‍ ഒരാളും അഖില്‍ സ്‌കറിയായിരുന്നു.
ഷറഫുദ്ദീനാണ് ബൗളര്‍മാരിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഏരീസ് കൊല്ലം സെയിലേഴ്‌സ് താരമായിരുന്ന ഷറഫുദ്ദീന്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് ഷറഫുദ്ദീന്‍ കൊയ്തത് 19 വിക്കറ്റുകളാണ്. ഇത്തവണയും ഷറഫുദ്ദീന്റെ ബൗളിങ് പ്രകടനം കൊല്ലം സെയിലേഴ്‌സിന്റെ പോരാട്ടത്തില്‍ നിര്‍ണായകമാകും.
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവരില്‍ മൂന്നാമതുണ്ടായിരുന്നത് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ബേസില്‍ തമ്പിയാണ്. 10 മത്സരങ്ങളില്‍ നിന്ന് ബേസില്‍ സ്വന്തമാക്കിയത് 17 വിക്കറ്റുകള്‍. കഴിഞ്ഞ തവണ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരമായിരുന്ന ബേസിലിനെ ഇത്തവണ താരലേലത്തിലൂടെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കി. 8.40 ലക്ഷം രൂപയാണ് ട്രിവാന്‍ഡ്രം റോയല്‍സ് ബേസിലിനായി മുടക്കിയത്.




11 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയ ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ ബിജു നാരായണനാണ് നാലാമത്. അഞ്ചാമതുള്ളത് എന്‍പി ബേസിലാണ്. 10 മത്സരങ്ങളില്‍ നിന്ന് ബേസില്‍ 14 വിക്കറ്റുകള്‍ 2024ല്‍ സ്വന്തമാക്കി. മുന്‍ സീസണില്‍ കൊല്ലം സെയിലേഴ്‌സ് താരമായിരുന്ന ബേസിലിനെ ഇത്തവണ ആലപ്പി റിപ്പിള്‍സ് താരലേലത്തിലൂടെ സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിലുള്ളവരുടെ പേരുകള്‍ ചുവടെ. താരം, മത്സരങ്ങള്‍, വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍.
- അഖില്‍ സ്‌കറിയ, 12, 25
- ഷറഫുദ്ദീന്‍, 12, 19
- ബേസില്‍ തമ്പി, 10, 17
- ബിജു നാരായണന്‍, 11, 17
- എന്‍പി ബേസില്‍, 10, 14
- നിഖില്‍ എം, 11, 14
- അഖില്‍ ദേവ്, 9, 9
- ശ്രീഹരി എസ് നായര്‍, 9, 13
- അബ്ദുല്‍ ബാസിത്ത്, 11, 13
- വിനോദ് കുമാര്‍ സിവി, 9, 13.